ന്യൂഡല്‍ഹി: സ്വന്തം മണ്ഡലമായ വാരാണസിയില്‍ ഉള്‍പ്പെടെ ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്ന മേയ് 30 മുതല്‍ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കും.വിവേകാനന്ദപ്പാറയിലെ ധ്യാന മണ്ഡപത്തില്‍ മേയ് 30 വൈകുന്നേരം മുതല്‍ ജൂണ്‍ ഒന്നാം തീയതി വൈകുന്നേരം വരെ പ്രധാനമന്ത്രി തങ്ങും. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടത്തുന്ന പതിവ് ആത്മീയ യാത്രയുടെ ഭാഗമാണിതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. 2019ല്‍ അദ്ദേഹം കേദാർനാഥിലും 2014ല്‍ ശിവജിയുടെ പ്രതാപ്‌ഗഢിലും ധ്യാനമിരുന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
48 മണിക്കൂർ നീളുന്ന ധ്യാനത്തിന് വിവേകാനന്ദ പാറ തിരഞ്ഞെടുത്തത് സ്വാമി വിവേകാനന്ദൻ ധ്യാനിച്ചയിടം എന്നതിലുപരി തമിഴ്‌നാടിനോടുള്ള സ്‌നേഹം അറിയിക്കാനുംനും ഐക്യത്തിന്റെ സന്ദേശം നല്‍കാനുമാണ് എന്നാണ് സൂചന. 1892 ഡിസംബർ 25 മുതല്‍ 27 വരെ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്നതിനാലാണ് വിവേകാനന്ദ പാറ അത്തരത്തില്‍ അറിയപ്പെട്ടത്. കന്യാകുമാരി തീരത്ത് എത്തിയ ശേഷം കടല്‍ നീന്തിക്കടന്നാണ് അദ്ദേഹം പാറയിലെത്തിയത്. 1970ല്‍ ഇവിടെ സ്‌മാരകം ഉണ്ടായി. ഇന്ത്യൻ മഹാസമുദ്രം, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവ സമ്മേളിക്കുന്നയിടത്ത് ഏകദേശം 500 മീറ്റർ മാറിയാണ് വിവേകാനന്ദ പാറ സ്ഥിതിചെയ്യുന്നത്. സമീപം തിരുവള്ളുവർ പ്രതിമയുമുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം പാർവ്വതീ ദേവി ഒറ്റക്കാലില്‍ പരമശിവനെ തപസ് ചെയ്‌ത സ്ഥലമാണ് ഈ പാറ എന്നും കഥകളുണ്ട്.