ന്യൂഡൽഹി: തനിക്ക് വിശ്രമിക്കാൻ സമയമില്ലെന്നും ഇന്ത്യയുടെ സ്വപ്നങ്ങൾ പൂർത്തികരിക്കാനുള്ള പരിശ്രമത്തിലാണ് തന്റെ സർക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ചുവർഷം ആഗോളതലത്തിൽ വിവിധ ആശങ്കകളുയർന്ന സമയമാണെന്നും ആ ആശങ്കകൾക്കിടയിലും ഇന്ത്യ പ്രതീക്ഷയുടെ കിരണമായെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എൻഡിടിവി വേൾഡ് സമ്മിറ്റ് 2024-ൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഇന്ത്യ ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്ബത്തികശക്തിയായി വളർന്നു, നിരവധി പരിഷ്‌കാരങ്ങൾ നടപ്പിലാക്കി, ഇനിയെന്തിനാണ് കഠിനാധ്വാനം ചെയ്യുന്നതെന്നു ചോദിച്ചവരുണ്ട്. കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ 12 കോടി ശൗചാലയങ്ങൾ പണിതു, 16 കോടി വീടുകളിൽ പാചകവാതകം എത്തിച്ചു. അതു പോരെ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ, അതുപോരാ എന്നാണ് എന്റെ ഉത്തരം. ലോകത്തിലെ തന്നെ ചെറുപ്പമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. ഈ ചെറുപ്പത്തിന്റെ ഊർജസ്വലത ആകാശങ്ങൾ കീഴടക്കാൻ കെൽപ്പുള്ളതാണ്.’ പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘എല്ലാ സർക്കാരുകളും തങ്ങളുടെ പ്രവർത്തനങ്ങളെ മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുന്ന ഒരു പതിവുണ്ട്. ഞങ്ങളും ആ വഴിയിലൂടെയാണ് നടന്നിരുന്നത്, എന്നാൽ ഇനി മുതൽ ഭൂതകാലത്തെയും വർത്തമാനകാലത്തെയും താരതമ്യം ചെയ്ത് സന്തോഷം കണ്ടെത്താനാവില്ല. ഇനി മുതൽ വിജയത്തിന്റെ അളവുകോൽ ‘നമ്മൾ നേടാൻ ആഗ്രഹിക്കുന്നതെന്താണോ അതായിരിക്കും. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന കാഴ്ചപ്പാട് ഈ ചിന്താഗതിയുടെ ഭാഗമാണ്.’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.