മുണ്ടക്കയം: ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാത183എയുടെ നവീകരണത്തിനായി 82.16 കോടി രൂപ അനുവദിച്ചതായി ആന്‍റോ ആന്‍റണി എംപി അറിയിച്ചു.ഭരണിക്കാവ് മുതല്‍ കൈപ്പട്ടൂർ വരെയുള്ള 20 കിലോമീറ്റർ നവീകരണത്തിന് 19.76 കോടി രൂപയും മുണ്ടക്കയം മുതല്‍ എരുമേലി വരെയുള്ള 12 കിലോമീറ്റർ നവീകരണത്തിന് 7.4 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള റോഡിന്‍റെ സർഫസ് ടാറിംഗ്, റോഡിന്‍റെ ഇരുവശങ്ങളുടെയും കോണ്‍ക്രീറ്റിംഗ്, ഓടകളുടെ നിർമാണം, കലുങ്കുകളുടെ നവീകരണം, ക്രാഷ് ബാരിയർ സ്ഥാപിക്കല്‍, റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള കാടുകള്‍ വെട്ടി വൃത്തിയാക്കല്‍,
റോഡ് സേഫ്റ്റിക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ എന്നിവയെല്ലാം ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടും. അഞ്ചുവർഷത്തെ വാറണ്ടിയില്‍ ദേശീയ നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ടെൻഡർ നടപടികള്‍ പൂർത്തീകരിച്ചതിനാല്‍ ഉടൻ നിർമാണപ്രവർത്തനങ്ങള്‍ ആരംഭിക്കുമെന്നും എംപി പറഞ്ഞു. നിർദിഷ്ട പാതയുടെ മണ്ണാറക്കുളഞ്ഞി മുതല്‍ പ്ലാപ്പള്ളി വരെയുള്ള 32.1 കിലോമീറ്റർ നവീകരണത്തിന് 47 കോടി രൂപയും കൈപ്പട്ടൂർ മുതല്‍ പത്തനംതിട്ട വരെയുള്ള 5.64 കിലോ മീറ്റർ നിർമാണത്തിന് എട്ടു കോടി രൂപയും അനുവദിച്ച് നിർമാണം പൂർത്തീകരിച്ചു. ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡ് ഉയർത്തിയും സംരക്ഷണഭിത്തി നിർമിച്ചും ഇന്‍റർലോക്ക് വിരിച്ചും ദിശാബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചും കലുങ്കുകളും ഓടകളും നിർമിച്ചും ദേശീയ നിലവാരത്തിലാണ് റോഡ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നതെന്നും എംപി പറഞ്ഞു.