കാലിഫോര്‍ണിയ: വിദൂര ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ഏറ്റവും പുതിയ ദൗത്യമായ പാൻഡോറ 2025-ൽ വിക്ഷേപിക്കാൻ ഒരുങ്ങുന്നു. പാൻഡോറ ദൗത്യത്തിന്‍റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഘടന, ഊര്‍ജം, അവശ്യ സംവിധാനങ്ങൾ എന്നിവ നൽകുന്ന സ്‍പേസ് ക്രാഫ്റ്റ് ബസിന്‍റെ നിർമ്മാണം പൂർത്തിയായി. ഇതോടെ പാൻഡോറ വിക്ഷേപണത്തിലേക്ക് ഒരുപടി കൂടി നാസ അടുത്തു.
ഏറ്റവും പുതിയ എക്സോപ്ലാനറ്റ് (സൗരയൂഥേതരഗ്രഹം) ദൗത്യമായ പാൻഡോറ വിക്ഷേപണത്തിലേക്ക് ഒരുപടി കൂടി അടുത്തതായി നാസ പ്രഖ്യാപിച്ചു. പാൻഡോറ വിക്ഷേപണം അടുത്തെന്നും ബഹിരാകാശ പേടകത്തിന്‍റെ തലച്ചോറുകൾ ഉൾക്കൊള്ളുന്ന സ്‍പേസ് ക്രാഫ്റ്റ് ബസ് പൂർത്തിയാക്കുക എന്നത് ഒരു വലിയ നേട്ടമാണെന്നും നാസ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദൂര ലോകങ്ങളെയും അവയുടെ അന്തരീക്ഷത്തിന്‍റെ ഘടനയെയും കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞരെ പാൻഡോറ സഹായിക്കും. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ (JWST) കൂടുതൽ ആപ്ലിക്കേഷനുകൾ വരുന്നതോടെ, വാസയോഗ്യതയുടെ പ്രധാന സൂചകങ്ങളായ മേഘങ്ങൾ, മൂടൽമഞ്ഞ്, വെള്ളം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദൂര ഗ്രഹങ്ങളുടെ നിഗൂഢതകൾ അനാവരണം ചെയ്യുന്നതിൽ പാൻഡോറ ഒരു പ്രധാന പങ്ക് വഹിക്കും എന്നാണ് നാസയുടെ പ്രതീക്ഷ.
‘ബസ് ഞങ്ങൾക്ക് ഒരു വലിയൊരു നാഴികക്കല്ലാണ്, ശരത്കാലത്ത് പാന്‍ഡോറ വിക്ഷേപിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം’- നാസയുടെ ഗോഡാർഡ് ബഹിരാകാശ കേന്ദ്രത്തിലെ പാൻഡോറ മുഖ്യ ഗവേഷകയായ എലിസ ക്വിന്‍റാന പറഞ്ഞു. ‘ബസ് ഉപകരണങ്ങള്‍ സൂക്ഷിക്കുകയും നാവിഗേഷന്‍ നിയന്ത്രിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ഭൂമിയുമായുള്ള ആശയവിനിമയം നിയന്ത്രിക്കുകയും ചെയ്യും. ബഹിരാകാശ പേടകത്തിന്‍റെ മസ്തിഷ്കമാണ് ബസ്’- എന്നും ക്വിന്‍റാന കൂട്ടിച്ചേര്‍ത്തു.
എന്താണ് പാന്‍ഡോറ ദൗത്യം?
നിലവിലുള്ള ദൂരദർശിനികൾ അവശേഷിപ്പിക്കുന്ന വിടവുകൾ നികത്തുക എന്നതാണ് പാന്‍ഡോറ പ്രധാന ലക്ഷ്യം. ഗ്രഹസംക്രമണങ്ങളുടെ ദീർഘകാല നിരീക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പ്രപഞ്ചത്തിലെ ഗ്രഹങ്ങളുടെ രൂപീകരണം, പരിണാമം, സാധ്യതയുള്ള ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തുന്നതിന് എക്‌സോപ്ലാനറ്റ് മോഡലുകൾ പരിഷ്‍കരിക്കാൻ പാൻഡോറ ശാസ്ത്രജ്ഞരെ സഹായിക്കും .
പാൻഡോറ ഒരു ചെറിയ ഉപഗ്രഹമാണ്.
വിദൂര നക്ഷത്രങ്ങളെ ചുറ്റുന്ന കുറഞ്ഞത് 20 അറിയപ്പെടുന്ന ഗ്രഹങ്ങളെയെങ്കിലും വിശദമായി പഠിച്ച്, അവയുടെ അന്തരീക്ഷത്തിന്‍റെ ഘടന- പ്രത്യേകിച്ച് ജീവന്‍റെ ആധാരമെന്ന് കരുതുന്ന മൂടൽമഞ്ഞ്, മേഘങ്ങൾ, ജലം എന്നിവയുടെ സാന്നിധ്യം നിർണ്ണയിക്കാൻ പാൻഡോറയ്ക്ക് സാധിക്കും. ബഹിരാകാശ ഏജൻസിയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (ജെഡബ്ല്യുഎസ്ടി) യുടെ അളവുകൾ വ്യാഖ്യാനിക്കുന്നതിനും വാസയോഗ്യമായ ലോകങ്ങൾക്കായി തിരയുന്ന ഭാവി ദൗത്യങ്ങൾക്കും ഈ ഡാറ്റ ഒരു ഉറച്ച അടിത്തറ സ്ഥാപിക്കുമെന്നും നാസ പറയുന്നു.
ഗ്രഹാന്തരീക്ഷങ്ങളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കുക എന്നതാണ് വരാനിരിക്കുന്ന ദൗത്യത്തിന്റെ ലക്ഷ്യം. അവയുടെ ഘടന, മേഘ രൂപീകരണം, സാധ്യതയുള്ള ആവാസവ്യവസ്ഥ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഒരു പ്രത്യേക ദൂരദർശിനി ഉപയോഗിച്ച്, അന്തരീക്ഷ കണങ്ങളുമായി പ്രകാശം എങ്ങനെ ഇടപഴകുന്നുവെന്ന് ശാസ്ത്രജ്ഞർ പരിശോധിക്കും. ഇത് ഗ്രഹ കാലാവസ്ഥയെയും രസതന്ത്രത്തെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകും. ഈ ഗവേഷണം ഗ്രഹാന്തരീക്ഷ വൈവിധ്യത്തെയും പരിണാമത്തെയും കുറിച്ചുള്ള വിശാലമായ പഠനത്തിന് സംഭാവന നൽകും.
45 സെന്‍റീമീറ്റർ വീതിയുള്ള (17 ഇഞ്ച്) പൂർണ്ണമായും അലുമിനിയം കൊണ്ട് നിർമ്മിച്ച ദൂരദർശിനി ഉപയോഗിച്ച് ഓരോ നക്ഷത്രത്തിന്‍റെയും ദൃശ്യപ്രകാശവും ഇൻഫ്രാറെഡ് സ്പെക്ട്രവും ഒരേസമയം പകർത്താൻ ഡിറ്റക്ടറുകള്‍ക്കാകും. ഈ സംയോജിത ഡാറ്റ ശാസ്ത്ര സംഘത്തിന് നക്ഷത്ര പ്രതലങ്ങളുടെ സവിശേഷതകൾ നിർണ്ണയിക്കാനും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും വ്യക്തമായി വേർതിരിക്കാനും സഹായിക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രധാന ദൗത്യത്തിൽ, പാന്‍ഡോറ കുറഞ്ഞത് 20 എക്സോപ്ലാനറ്റുകളെ 10 തവണ നിരീക്ഷിക്കുമെന്നും ഓരോ നിരീക്ഷണവും 24 മണിക്കൂർ നീണ്ടുനിൽക്കുമെന്നും നാസ പറയുന്നു. ഓരോ നിരീക്ഷണത്തിലും ഒരു സംക്രമണം ഉൾപ്പെടും. ആ സമയമാണ് പാൻഡോറ ഗ്രഹത്തിന്‍റെ സ്പെക്ട്രം പിടിച്ചെടുക്കുന്നതെന്ന് നാസയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗിൽ പറയുന്നു.