ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടക്കുന്നത്. പ്രവർത്തകർക്കൊപ്പം കാൽനടയായാണ് രാഹുൽ ഇ.ഡി ഓഫിസിലെത്തിയത്.
അതേസമയം, രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇ.ഡി ഓഫിസിനു മുന്നിലെത്തി. പിന്തുണയുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.
പൊലീസ് കസ്റ്റഡിയിലെടുത്ത കെ.സി വേണുഗോപാലും വി.കെ ശ്രീകണ്ഠനും തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയെ പൊലീസ് കൈയേറ്റം ചെയ്തു. കൈയേറ്റത്തിനിരയായ കെ.സി വേണുഗോപാൽ കുഴഞ്ഞുവീണു. മല്ലികാർജുൻ ഗാർഗെ, അശോക് ഗെഹ്ലോട്, മുകുൾ വാസ്നിക് എന്നിവരെയും അറസ്റ്റ് ചെയ്തു നീക്കി.നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ് എന്ന് പൊലീസ് പറഞ്ഞു. നേതാക്കളെ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഡനിലേക്കാണ് കൊണ്ടുപോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇ.ഡി ഓഫിസിനു മുന്നിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് കണ്ട് അക്ബർ റോഡിലും പരിസരത്തും നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. എ.ഐ.സി.സി ആസ്ഥാനവും പൊലീസ് വലയത്തിലാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് കോൺഗ്രസ് ആരോപണം. കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും ഇ.ഡി ഓഫിസുകളിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.