ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയച്ച് ദില്ലി റോസ് അവന്യൂ കോടതി. ഇഡി നല്കിയ കുറ്റപത്രത്തിൽ മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. കൂടുതൽ തെളിവുകൾ ഇഡി ഇന്ന് കോടതിയിൽ നല്കി. സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെയാണ് കേസ് പരിഗണിച്ചത്. മെയ് 7ന് കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയക്കാന്‍ വിസമ്മതിച്ചിരുന്നു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ കോടതി ഇഡിക്ക് നിര്‍ദേശം നൽകിയിരുന്നു. ഇന്ന് കൂടുതൽ തെളിവുകൾ കോടതിയില്‍ ഹാജരാക്കിയതോടെയാണ് കോടതി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. യങ് ഇന്ത്യാ ലിമിറ്റഡ് വഴി 50 ലക്ഷം രൂപക്ക് അസോസിയേറ്റഡ് ജേർണൽ ലിമിറ്റിഡിൻ്റെ 2000 കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തെന്നും ആരോപണമുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ എജെഎല്ലിന്റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നാഷണൽ ഹെറാൾഡ് കേസിൽ സ്വത്ത് കണ്ടുകെട്ടലിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടർ നടപടികൾ ആരംഭിച്ചിരുന്നു. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിന് രജിസ്ട്രാർമാർക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു.
ദില്ലി, മുംബൈ, ലക്നൗ എന്നിവിടങ്ങളിലായി എജെഎല്ലിൻ്റെ 700 കോടിയിലധികം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. മുംബൈയിലെ നാഷണൽ ഹെറാൾഡ് കെട്ടിടത്തിലെ വാടകക്കാർക്കും ഇഡി നോട്ടീസ് നൽകിയിരുന്നു. കെട്ടിടത്തിൻ്റെ വാടക ഇനി മുതൽ ഇഡി ഡയറക്ടറുടെ പേരിൽ അടക്കണമെന്നാണ് കെട്ടിടം വാടകയ്ക്ക് എടുത്ത ജിൻഡാൽ കമ്പനിക്ക് നിർദ്ദേശം നൽകിയത്.