കോട്ടയം: നാട്ടുകാരുടെ നടുവൊടിക്കാൻ കോട്ടയത്ത് ഒരു ഇൻഡോർ സ്റ്റേഡിയം. നിർമ്മാണം പൂർത്തിയായി ചുരുങ്ങിയ വർഷങ്ങൾക്കള്ളിൽ തന്നെ ഇൻഡോർ സ്റ്റേഡിയം ഇവിടെ എത്തുന്നവരുടെ മരണക്കെണിയായി കഴിഞ്ഞു. അഴിമതിയുടെ തുരുത്തായി, സംരക്ഷണം ഏതുമില്ലാതെ നശിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ വീണ് ഏറ്റവും ഒടുവിൽ കാലൊടിഞ്ഞത് ഒരു റിട്ട.പൊലീസ് ഉദ്യോഗസ്ഥനാണ്. കോട്ടയം നഗരത്തിൽ തന്നെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്ത റിട്ട.എസ്.ഐയാണ് കാലൊടിച്ച് ഒരു മാസമായി വീട്ടിൽ വിശ്രമിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് മാന്യമായ സംരക്ഷണം പോയിട്ട് തെന്നി വീഴാതിരിക്കാനുള്ള ക്രമീകരണം പോലും ഇവർ ഒരുക്കിയിട്ടില്ല.
തിരുവഞ്ചൂർ രാധാകൃഷ്ണൻ കായിക മന്ത്രിയായിരിക്കെ, ദേശീയ ഗെയിംസിന്റെ ഭാഗമായാണ് കോട്ടയത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചത്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്ന പേരിൽ നിർമ്മിച്ച സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല ജില്ലാ സ്പോട്സ് അതോറിറ്റിയ്ക്കാണ്. സ്പോട്സ് അതോറിറ്റിയുടെ പരിപാലനത്തിന്റെ കൂടുതൽ കൊണ്ടാകാം ഇവിടെ കായിക താരങ്ങളെല്ലാം തെന്നി വീണ് കാലൊടിയുന്നതാണ് പതിവ്. ഇവിടെ എത്തിയ മിക്ക താരങ്ങളും കാലൊടിഞ്ഞും, പരിക്കേറ്റുമാണ് മടങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപും നിരവധി ആളുകൾക്കു സമാന രീതിയിൽ പരിക്കേറ്റിരുന്നു. എന്നാൽ, കഴിഞ്ഞ മാസം ആദ്യം കോട്ടയം ജില്ലയിലെ റിട്ട.എസ്.ഐ വീണ് കാലൊടിഞ്ഞതോടെയാണ് സ്പോട്സ് കൗൺസിലിന്റെ അനാസ്ഥയുടെ ചിത്രം തെളിഞ്ഞു വന്നത്. കോട്ടയം നഗരത്തിൽ നെഹ്റു സ്റ്റേഡിയം കായിക താരങ്ങൾക്കു കളിക്കാൻ പോയിട്ട് കയറിയിരിക്കാൻ പോലും കൊള്ളാത്ത മോശപ്പെട്ട സ്ഥലമായി മാറി. ഇതിനിടെയാണ് ഇപ്പോൾ ഏറെ പ്രതീക്ഷയോടെ പരിപാലിച്ചിരുന്ന ഇൻഡോർ സ്റ്റേഡിയത്തിനും ഈ ഗതി ഉണ്ടായത്. ഇൻഡോർ സ്റ്റേഡിയത്തിന്റെ ഫ്ളോറിൽ ഗ്രിപ്പ് നഷ്ടമായി ഷൂ തെന്നി വീണാണ് എസ്.ഐയ്ക്കു പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ ക്രച്ചസിൽ കുത്തിയാണ് ഇദ്ദേഹം നടക്കുന്നത്.
ബാഡ് മിറ്റൺ കളിക്കുന്നതിനിടെ ഗ്രിപ്പ് നഷ്ടമായ ഇദ്ദേഹം ഉടൻ തന്നെ തെന്നി വീഴുകയായിരുന്നു. തുടർന്ന്, എഴുന്നേറ്റ് നിന്നെങ്കിലും കാലിന്റെ ബാലൻസ് നഷ്ടമായി. പിന്നീട് നടത്തിയ പരിശോധനയിലാണ് ലിഗ്മെന്റിന് അടക്കം പൊട്ടലുണ്ടെന്നു കണ്ടെത്തിയത്. തുടർന്ന്, ഇദ്ദേഹം കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്റർ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനായി. രണ്ടു മാസത്തോളം വിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
ഫീസ് പിടിച്ചു വാങ്ങും
പേരിന് പോലുമില്ല അറ്റകുറ്റപണി
ഇവിടെ കളിക്കാനെത്തുന്നവരിൽ നിന്നും 750 രൂപയാണ് സ്പോട്സ് കൗൺസിൽ ഫീസായി ഈടാക്കുന്നത്. ഫീസ് നൽകാൻ തയ്യാറാണെന്ന് ഇവിടെ എത്തുന്ന കായിക പ്രേമികൾ പറയുന്നു. പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള മര്യാദയെങ്കിലും സ്പോട്സ് കൗൺസിൽ കാട്ടണമെന്നാണ് ഇവർ പറയുന്നത്. കായികേതര പരിപാടികൾക്ക് ഇൻഡോർ സ്റ്റേഡിയം വാടകയ്ക്കു കൊടുക്കുന്നത് പതിവാണ്. ഇത്തരം പരിപാടികൾ ബുക്ക് ചെയ്തിട്ടുള്ള ദിവസങ്ങളിൽ ഇവിടെ വ്യായാമം ചെയ്യാനോ ഷട്ടിൽ പ്രാക്ടീസ് ചെയ്യാനോ അവസരം ഇല്ല. എന്നാൽ, ഇത്തരം പരിപാടികൾക്ക് എത്തുന്നവർ ചെരുപ്പ് ധരിച്ച് ഇൻഡോർ സ്റ്റേഡിയത്തിന്റെ തടി ടർഫിലൂടെ നടക്കുന്നത് ഗുരുതരമായ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇത് അകടക്കമുള്ള പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് സ്പോട്സ് കൗൺസിലും അധികൃതരും.