പെരുവ: പാരമ്പര്യ വിഷചികിത്സാരംഗത്ത് മികവിന്റെ ഏഴുപതാണ്ട് പൂത്തിയാക്കിയ മൂർക്കാട്ടിൽ എം.എൻ. ദാമോദരൻ വൈദ്യനെ നാട് ആദരിക്കുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങൾ പരിമിതമായി കാലത്ത് വിഷം തീണ്ടൽ ഏൽക്കുന്നവരുടെ ആശ്രയ കേന്ദ്രമായിരുന്നു മൂർക്കാട്ടിൽ വിഷചികിത്സാ കേന്ദ്രം. ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സയിലൂടെ പുതുജീവൻ നൽകിയ ദാമോദരൻ വൈദ്യൻ ചെറു പ്രായത്തിൽ തന്നെ ചികിത്സ വിധികൾ അഭ്യസിച്ചിരുന്നു. മൂർക്കാട്ടിൽ രാമൻ വൈദ്യന്റെയും, വടയാറ്റ് വാമദേവൻ വൈദ്യന്റെയും കീഴിൽ പഠനം ആരംഭിച്ച ദാമോദരൻ ട്രാവൻകൂർ ഇൻഡ്ജീനിയസ് മെഡിക്കൽ കൗൺസിലിന്റെ എ ക്ലാസ്സ് കോമ്പിറ്റൻസി സർട്ടിഫിക്കറ്റും നേടിയിരുന്നു.
അനേകായിരങ്ങൾക്ക് വിഷചികിത്സയിലൂടെ പുതുജീവൻ നൽകിയ വൈദ്യനെ കാരിക്കോട് 3275 നമ്പർ എസ്.എൻ.ഡി.പി.ശാഖയും പൗരാവലിയും സംയുക്തമായി ആദരിക്കുന്നു. മാർച്ച് 9 ന് രാവിലെ 10 മണിക്ക്, മൂർക്കാട്ടിൽപടി എസ്.എൻ ഡി.പി ആഡിറ്റോറിയത്തിൽ മുളക്കുളം ഗ്രാമ പഞ്ചാപ്രസിഡന്റ് ടി.കെ. വാസുദേവനായരുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മോൻസ് ജോസഫ് നാടിന്റെ ആദരവ് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം.ശരത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുബിൻ മാത്യു, കൈലാസ് നാഥ്, എസ്.എൻ.ഡി.പി. യുണിയൻ നേതാക്കളായ എ സി.പ്രസാദ് ആരിശേരിയിൽ, സി.എം.ബാബു, തുടങ്ങി രാഷട്രീയ മത സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്ന് ആഘോഷ കമ്മറ്റിക്ക് വേണ്ടി പുഷ്കരൻ അരീക്കരയിൽ, രാജു തെക്കേക്കാലായിൽ, ജയൻ മൂർക്കാട്ടിൽ, ബൈജു ചെത്തുകുന്നേൽ എന്നിവർ അറിയിച്ചു.