തിരുവനന്തപുരം: നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കാണുന്നത് പൗര പ്രമുഖരയല്ലെന്നും പ്രത്യേക ക്ഷണിതാക്കളെയാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ഇടത് നേതാക്കള്‍ അടക്കം ‘പൗര പ്രമുഖര്‍’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെയും എ കെ ബാലൻ വിമര്‍ശിച്ചു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എ കെ ബാലന്റെ പ്രതികരണം. അപേക്ഷ നല്‍കി ആര്‍ക്കും ക്ഷണിതാവാകാം. പ്രത്യേക ക്ഷണിതാവാകാൻ കളക്‌ടര്‍ക്കോ എംഎല്‍എക്കോ തങ്ങളെകൂടി വിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയാല്‍ മതിയെന്നും ബാലൻ വ്യക്തമാക്കി.
മറിയക്കുട്ടിക്കെതിരെ ദേശാഭിമാനി നല്‍കിയ വാര്‍ത്തയിലും എ കെ ബാലൻ പ്രതികരിച്ചു. ദേശാഭിമാനി ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എ കെ ബാലൻ വ്യക്തമാക്കി. കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണത്തെയും എ കെ ബാലൻ പിന്തുണച്ചു. മുഖ്യമന്ത്രി ന്യായികരിച്ചത് ശരിയായ നടപടിയാണെന്നും റോഡിലേയ്ക്ക് ചാവേറുകളായി ഇറങ്ങുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണെന്നും ബാലൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ വലിയ സംഘര്‍ഷമുണ്ടായിരുന്നു. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള സദസിനുള്ള പ്രത്യേക ബസിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍ ഉള്‍പ്പെടെ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം ഡിവൈഎഫ്‌ഐയുടെ മാതൃകാ രക്ഷാപ്രവര്‍ത്തനമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. മാതൃകാപരമായ പ്രവര്‍ത്തനം തുടരണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.