വയനാട്: മാനന്തവാടിയിലെ നവകേരള സദസിനായി മതിൽ പൊളിക്കൽ. ഡിവിഎച്ച്എസ്എസിന്റെ ഗ്രൗണ്ടിനോട് ചേർന്നുള്ള മതിലാണ് മന്ത്രിസഭ സഞ്ചരിച്ച ബസ് കയറാനായി പൊളിച്ചത്. പിടിഎയുടെ അനുമതിയോടെ ഉടൻ പുനർ നിർമ്മിക്കാമെന്ന ധാരണയിലാണ് മതിൽ പൊളിച്ചതെന്ന് ഒ ആർ കേളു എംഎല്‍എ പ്രതികരിച്ചു. അതേസമയം, മതിൽ പൊളിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.
നവകേരള സദസിനായി എറണാകുളത്തെ രണ്ട് സ്കൂളുകളിലെ മതിലുകള്‍ പൊളിക്കാൻ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നോര്‍ത്ത് പറവൂരിലേയും പെരുമ്പാവൂരിലേയും ഗവൺമെന്റ് സ്കൂളുകളുടെ മതിലുകളാണ് പൊളിക്കാൻ നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാര്‍ക്ക് വരുന്നതിന് വേണ്ടി മതില് പൊളിക്കണം, മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന ബസ് മൈതാനത്തേക്ക് ഇറക്കുന്നതിന് റാമ്പ് വീതികൂട്ടണം, കൊടിമരം നീക്കം ചെയ്യണം, കൊടിമരത്തിന്റെ മുന്നിലുള്ള മരത്തിന്റെ കൊമ്പുകള്‍ മുറിക്കണം, മൈതാനത്തെ പഴയ കോൺഗ്രീറ്റ് സ്റ്റേജ് പൊളിച്ചു നീക്കണം. ഇത്രയും കാര്യങ്ങളാണ് നവകേരള സദസിനായി പെരുമ്പാവൂര്‍ ഗവൺമെന്റ് ബോയ്സ് സ്കൂളില്‍ ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവകേരള സദസിനുശേഷം മതിലും കൊടിമരവും പുനസ്ഥാപിച്ചു കൊടുക്കുമെന്നാണ് വാഗ്ദാനം. സംഘാടക സമിതിയുടെ ആവശ്യത്തിനെതിരെ രണ്ടിടത്തും മുനിസിപ്പല്‍ ചെയര്മാൻമാര് എതിര്‍പ്പുമായി രംഗത്തെത്തി. അടുത്ത മാസം ഏഴിനാണ് ഇവിടെ നവകേരള സദസ്.