കൊച്ചി: എറണാകുളം റവന്യൂ ടവറിന് സമീപം മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ഭവന നിര്‍മാണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സൂരജാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.ഭവന നിര്‍മാണ ബോര്‍ഡില്‍നിന്ന് അടുത്തിടെ പിരിച്ചുവിട്ട താനുള്‍പ്പെടെയുള്ള 13 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തിങ്കളാഴ്ച രാവിലെ സൂരജിന്റെ ആത്മഹത്യാ ഭീഷണി. പ്രതിദിനം 100 രൂപ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നവകേരള സദസ്സില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങളെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതെന്നും പ്രതികാര നടപടി പിന്‍വലിക്കണമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജനോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്നും സമരക്കാർ ആരോപിച്ചു.ഇതേത്തുടര്‍ന്ന് 25 മുതല്‍ കെ.എസ്.ഇ.യു., എ.ഐ.ടി.യു.സി. സംഘടനകളുടെ സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളം റവന്യൂടവറിനു മുന്നില്‍ റിലേ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ സൂരജ് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
അതേസമയം തീരുമാനം പുനഃപരിശോധിക്കാമെന്ന് റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസില്‍നിന്നും ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങിയത്.