കൊച്ചി: നാവിക സേന കേന്ദ്രത്തില്‍ പരിധിയില്‍ വെടിവെപ്പ് നടന്ന സംഭവത്തില്‍ തീരദേശത്ത് ആശങ്ക. മീന്‍പിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റിട്ടുണ്ട്. സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ ഏജന്‍സികള്‍ക്ക് ബന്ധമില്ലെന്ന നാവിക സേനയുടെ വാദം ഗൗരവമേറിയതാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി ജാക്‌സന്‍ പൊള്ളയില്‍ പറഞ്ഞു.
മത്സ്യബന്ധന വള്ളത്തില്‍ സൗത്ത് ബീച്ചിനോട് ചേര്‍ന്നുള്ള ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് സമീപമെത്തിയ മത്സ്യത്തൊഴിലാളി സെബാസ്റ്റ്യനാണ് വെടിയേറ്റത്. തീരദേശ മേഖലയാകെ ആശങ്കയിലാണ്. 2012 തീരദേശത്ത് മത്സ്യബന്ധനം നടത്തിയ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള നാവികരുടെ വെടിയേറ്റ് മരിച്ച സംഭവം ഇപ്പോഴും തീരദേശത്ത് വലിയ ആശങ്കയുണര്‍ത്തുന്നതാണ്. സമാനമായ സംഭവമാണ് ഇതെന്നും അവര്‍ പറയുന്നു. മുന്നറിയിപ്പ് കൂടാതെ നാവിക സേന കേന്ദ്രത്തില്‍ നിന്ന് വെടിവെപ്പ് പരിശീലനം നടത്തിയതാവാം അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് നാവിക സേന പറയുന്നത്. സാധാരണ മുന്നറിയിപ്പ് നല്‍കുകയാണെങ്കില്‍ ഐഎന്‍എസ് ദ്രോണാചാര്യയുടെ പരിസരത്തേക്ക് യാനങ്ങള്‍ പോകാറില്ല. നാവികസേന ഉപയോഗിക്കുന്ന വിധത്തിലുള്ള വെടിയുണ്ടയല്ല മത്സ്യത്തൊഴിലാളിയുടെ ശരീരത്തില്‍ പതിച്ചതെന്ന് നാവിക സേന പറയുന്നു. എങ്കില്‍ ഈ വെടിവെപ്പ് നടത്തിയത് ആരാണെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ തുറമുഖ ഉപരോധം അടക്കം നടത്തുമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമഗ്ര അന്വേഷണമാണ് എഐവൈഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലാളിയുടെ ജീവന്‍ വരെ നഷ്ടമാകുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. അതേസമയം എംഎല്‍എ അടക്കമുള്ള സ്ഥലത്തെത്തിയിട്ടുണ്ട്. നാവിക സേനയ്ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് കരുതുന്നതായി കെജെ മാക്‌സി എംഎല്‍എ വ്യക്തമാക്കി.
ദ്രോണാചാര്യയുടെ ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്താണ് സംഭവം നടന്നത്. ഇവിടെ വേറെയാരും പ്രവേശിക്കാന്‍ സാധ്യതയില്ല. സിറ്റി പോലീസ് കമ്മീഷണറുമായി ഇക്കാര്യം സംസാരിച്ചുവെന്നും എംഎല്‍എ പറഞ്ഞു. പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയില്‍ എത്തി കണ്ട ശേഷമായിരുന്നു എംഎല്‍എയുടെ പ്രതികരണം.