തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ കോൺക്രീറ്റ് അറ പൊളിക്കുന്ന കാര്യത്തിൽ ജില്ലാ കളക്ടർ ഇന്ന് ഉത്തരവിറക്കും. നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ന് സ്ലാബ് മാറ്റി പരിശോധന നടത്താൻ കളക്ടർ ഉത്തരവിട്ടാൽ നാളെ ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസ് തുടർ നടപടികള്‍ സ്വീകരിക്കും. ഗോപൻ സ്വാമി മരിച്ച ശേഷം സമാധി സ്ഥലത്ത് കൊണ്ടുപോയി കുഴിച്ചിട്ടതാണോ അതോ മരിക്കുന്നതിന് മുമ്പ് സ്ലാബിട്ട് മൂടിയതാണോയെന്ന് പോസ്റ്റുമോർട്ടത്തിൽ തിരിച്ചറിഞ്ഞ ശേഷമായിരിക്കും പൊലീസിന്റെ തുടർ നടപടി. അതേസമയം ശവകുടീരം തുറക്കുന്നതിനെ എതിർത്ത് ചില ഹൈന്ദവ സംഘടനകളുടെ പ്രാദേശിക നേതൃത്വം രംഗത്തു വന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൊഴികളിൽ വൈരുദ്ധ്യം
ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറയുന്നത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.