30-ാം പിറന്നാള്‍ അടക്കം തനിക്ക് നഷ്ടമായി ! പ്രിയപ്പെട്ടവരുടെ ബുദ്ധി മുട്ടിൽ ദുഖം : ക്ഷമ ചോദിച്ചുകൊണ്ട് നസ്രിയയുടെ പോസ്റ്റ്

കൊച്ചി : കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുയിടങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിൽ വിശദീകരണവുമായി നടി നസ്രിയ നസീം. കുറച്ചുമാസങ്ങളായി താൻ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നുവെന്ന് നസ്രിയ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.തന്റെ അസാന്നിധ്യംമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയയുടെ പോസ്റ്റ്.

Advertisements

കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ ‘സൂക്ഷമദർശിനി’ ആണ് നസ്രിയയുടെ അവസാനചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം സജീവമായി ഉണ്ടായിരുന്നു. നാലരമാസം മുമ്ബാണ് താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്. തന്റെ 30-ാം പിറന്നാള്‍ അടക്കം തനിക്ക് നഷ്ടമായ ആഘോഷങ്ങള്‍ എടുത്തുപറഞ്ഞാണ് പുതിയ കുറിപ്പ്. പുതുവർഷാഘോഷത്തിലും ‘സൂക്ഷ്മദർശിനി’യുടെ വിജയാഘോഷത്തിലും തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും താരം ചൂണ്ടിക്കാണിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നസ്രിയ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിന്റെ പ്രസക്തഭാഗങ്ങളുടെ പരിഭാഷ:

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു. എന്റെ 30-ാം പിറന്നാള്‍ ആഘോഷം, പുതുവർഷാഘോഷം, സൂക്ഷ്മദർശനിയുടെ വിജയാഘോഷം അടക്കം പ്രധാനപ്പെട്ട നിമിഷങ്ങള്‍ എനിക്ക് മിസ്സായി. എന്തുകൊണ്ടാണ് എനിക്ക് പങ്കെടുക്കാൻ കഴിയാതെ പോയതെന്ന് വിശദീകരിക്കാൻ കഴിയാതിരുന്നതിലും ഫോണ്‍ എടുക്കാതിരുന്നതിലും മെസേജുകള്‍ക്ക് മറുപടി നല്‍കാതിരുന്നതിലും ഞാൻ എന്റെ സുഹൃത്തുക്കളോട് ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ കാരണമുണ്ടായ ആശങ്കകള്‍ക്കും അസൗകര്യങ്ങള്‍ക്കും ക്ഷമചോദിക്കുന്നു.

ജോലിക്കായി എന്നെ സമീപിക്കാൻ ശ്രമിച്ച എല്ലാ സഹപ്രവർത്തകരോടും ഞാൻ ഖേദം പ്രകടിപ്പിക്കുകയാണ്. എന്റെ അസാന്നിധ്യം കൊണ്ടുണ്ടായ തടസ്സങ്ങളില്‍ ഞാൻ ക്ഷമചോദിക്കുന്നു.

ഇന്നലെ എനിക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്സ് അവാർഡ് ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അംഗീകാരത്തിന് നന്ദി. മറ്റ് ജേതാക്കള്‍ക്കും നാമനിർദേശം ചെയ്യപ്പെട്ടവർക്കും അഭിനന്ദനങ്ങള്‍.

ഇതൊരു ദുഷ്കരമായ യാത്രയാണ്. ഞാൻ സുഖംപ്രാപിച്ചുവരുന്നതായും ഓരോദിവസവും മെച്ചപ്പെട്ടുവരുന്നതായും നിങ്ങളെ അറിയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ സമയത്ത് എന്നെ മനസിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദി. പൂർണ്ണമായും എനിക്ക് തിരിച്ചുവരാൻ കുറച്ചുസമയം വേണ്ടിവന്നേക്കാം. പക്ഷേ, ഒരുകാര്യം എനിക്ക് ഉറപ്പുപറയാം, ഞാൻ വീണ്ടെടുക്കലിന്റെ പാതയിലാണ്.

ഇങ്ങനെ അപ്രത്യക്ഷമായതില്‍ എനിക്ക് എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരിക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ ഈ കുറിപ്പ്.

Hot Topics

Related Articles