പാലാ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപി നടത്തിയിരിക്കുന്നത് എന്നും അതിൽ കോൺഗ്രസ് പാർട്ടിയും പങ്കാളികളായത് പ്രതിഷേധാർഹവും ആണെന്ന് എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു. പാല നിയോജക മണ്ഡലം എൽഡിഎഫ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2019 മുതൽ ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയിരിക്കുന്നത് ബിജെപിയാണ്. ബിജെപി കഴിഞ്ഞാൽ കൂടുതൽ ബോണ്ട് വാങ്ങിയിരിക്കുന്നത് കോൺഗ്രസും, തൃണമൂൽ കോൺഗ്രസ്സും ആണ് ഇത് രാജ്യത്തെ ജനാധിപത്യത്തിന് ഏറ്റ കനത്ത വെല്ലുവിളിയാണ്. രാജ്യത്തെ പ്രതിപക്ഷത്തിന് ഭരണകക്ഷിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാൻ ധാർമികത ഇല്ലായ്മ ഇതുവഴി സ്ഥാപിക്കപ്പെട്ടുവെന്നും ലോപ്പസ് മാത്യു പറഞ്ഞു. സുപ്രീംകോടതി കർശനമായി ഇടപെട്ടത് കൊണ്ട് മാത്രമാണ് ഇലക്ടറൽ ബോണ്ട് അഴിമതി പുറത്തു കൊണ്ടുവരാൻ സാധിച്ചത് ഇപ്പോൾ ഇതിനെ പ്രതിരോധിക്കാൻ പൗരത്വ ബില്ല് കൊണ്ടുവന്നിരിക്കുകയാണ് ബിജെപി. ഇത് രാജ്യത്തെ മതനിരപേക്ഷത പൂർണ്ണമായും തകർക്കും, അതുകൊണ്ട് ഇതിനെതിരെ ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജാഗരൂകരായിരിക്കണം. ഇതര സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന ബിജെപി സർക്കാർ, സാമ്പത്തികമായി തടിച്ചുകൊഴുത്ത് സംസ്ഥാനങ്ങളിലെ എംഎൽഎമാരെയും, എംപിമാരെയും വിലക്കെടുക്കുകയാണെന്നും ലോപ്പസ് മാത്യു പറഞ്ഞു. ലാലിച്ചൻ ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ,വി ബി ബിനു, ടോബിൻ കെ അലക്സ്, കുര്യാക്കോസ് ജോസഫ്, ബാബു കെ ജോർജ്, ജോസ് ടോം, ഷാജി കടമല, വി ടി തോമസ്, പീറ്റർ പന്തലാനി, ബേബി ഉഴുത്തുവാൽ തുടങ്ങിയവർ പ്രസംഗിച്ചു.