ദില്ലി: ഭൂകമ്പം തകർത്ത മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും സഹായം നൽകുന്നതിനായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സംഘത്തെ ശനിയാഴ്ച ഇന്ത്യയിൽ നിന്ന് അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഘാംഗങ്ങൾ ഒത്തുചേരുകയും ഉപകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു. ഉടൻ തന്നെ അവർ മ്യാൻമറിലേക്ക് പറക്കും. രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും സംഘം കൊണ്ടുപോകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, തായ്‌ലൻഡിനെയും മ്യാന്മറിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണ സംഖ്യ 1000 കടന്നു. 2500ലധികം ആളുകൾക്ക് പരിക്കേറ്റു. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽപ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്മറിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുർബലപ്പെടുത്തിയെന്നും ആരോപണമുയർന്നു. അയൽരാജ്യമായ തായ്‌ലൻഡിൽ ഭൂകമ്പത്തിൽ 10 പേർ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാർക്കറ്റിന് സമീപം നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്ന് 100 ഓളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.