തിരുവനന്തപുരം: നെടുമങ്ങാട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായകമായ തെളിവുകൾ ശേഖരിച്ച് പൊലീസ്. നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളുടെ കൊലപാതക വാർത്ത പുറത്ത് വന്നതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃത്യമായ വിവരങ്ങൾ ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങളും രേഖ ചിത്രങ്ങളും പുറത്ത് വന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. സംഭവ ദിവസം കൃത്യസ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ട് മുട്ടട ആലപ്പുറം കുളത്തിന് സമീപത്തെ സ്ഥലത്തെത്തി രക്തക്കറ പുരണ്ട വസ്ത്രങ്ങൾ മാറ്റിയശേഷം ടീഷർട്ടും ട്രാക്ക് സ്യൂട്ടിന് സമാനമായ പാന്റും ധരിച്ച പ്രതി വഴിയാത്രക്കാരനായ യുവാവിനൊപ്പം സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന പാങ്ങപ്പാറ സ്വദേശിയായ യുവാവിനെ പൊലീസ് സംഘം കണ്ടെത്തി. ഉള്ളൂർ വരെ സ്കൂട്ടറിലെത്തിയ പ്രതി ഉള്ളൂർ ജംഗ്ഷനിലിറങ്ങി നടന്നുപോയതായാണ് സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉള്ളൂർ ജംഗ്ഷനിൽ നിന്ന് ആക്കുളം, കേശവദാസപുരം, മെഡിക്കൽ കോളേജ്, ശ്രീകാര്യം ഭാഗങ്ങളിലേക്കുള്ള മെയിൻ റോഡുകളും പോക്കറ്റ് റോഡുകളുമുൾപ്പെടെ എല്ലാറോഡുകളിലെയും സിസി ടിവി കാമറകൾ പൊലീസ് പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ ഉച്ചസമയത്ത് ഉള്ളൂരിൽ നിന്ന് വിവിധ റൂട്ടുകളിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയ വാഹനങ്ങളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്. ബസിലോ മറ്റ് വാഹനങ്ങളിലോ ഇയാൾ സ്ഥലം വിട്ടോയെന്നറിയാനാണിത്.
കൂടാതെ കവർച്ച മുതലായുള്ള മാല പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ ധനകാര്യ സ്ഥാപനങ്ങൾ, ജുവലറികൾ എന്നിവിടങ്ങളിലും അവരുടെ വാട്സ് ആപ് ഗ്രൂപ്പുകളിലും ഇയാളുടെ ഫോട്ടോയും വീഡിയോയും പൊലീസ് ഷെയർ ചെയ്തിട്ടുണ്ട്.ഇതുവരെയുള്ള അന്വേഷണത്തിൽ കവർച്ച ലക്ഷ്യം വച്ചുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. വിനിതയുടെ ഒരുവർഷത്തോളമുള്ള ഫോൺകാൾ വിശദാംശങ്ങളും കുടുംബ പശ്ചാത്തലവും വ്യക്തിപരമായ വിവരങ്ങളും പരിശോധിച്ചതിൽ മറ്റ് തരത്തിലുള്ള സംശയങ്ങൾക്കുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്മിഷണർ സ്പർജൻകുമാർ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ഇയാൾ ആദ്യം കയറിയ ഓട്ടോയിലെ ഡ്രൈവറും പിന്നീട് യാത്ര ചെയ്ത സ്കൂട്ടർ ഓടിച്ച യുവാവും ഇയാൾ മലയാളിയല്ലെന്ന കാര്യം പൊലീസിനോട് വെളിപ്പെടുത്തി.ഹിന്ദിയിലാണ് സ്കൂട്ടർ യാത്രക്കാരനായ യുവാവിനോട് സംസാരിച്ചത്. ഉള്ളൂർ വരെയുള്ള യാത്രയ്ക്കിടെ രണ്ടോ മൂന്നോ കാര്യങ്ങളാണ് സംസാരിച്ചതെന്നും യുവാവ് മൊഴി നൽകി. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉള്ളൂർ, ശ്രീകാര്യം, മൺവിള, കഴക്കൂട്ടം, മംഗലപുരം, കണിയാപുരം ഭാഗങ്ങളിലെയും നഗരത്തിലെയും അന്യസംസ്ഥാന തൊഴിലാളി ക്യാമ്ബുകളിൽ പ്രതിയുടെ ഫോട്ടോയും വീഡിയോയുമായി പൊലീസ് സംഘം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇയാൾ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്ന സംശയത്തിൽ ആലപ്പുറം കുളത്തിന്റെ പരിസരപ്രദേശമാകെ പൊലീസ് അരിച്ചുപെറുക്കി. ഇന്നും ഇവിടെ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.