കൊച്ചി: ദുബായിയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് 2.23 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതിയും കൂട്ടാളിയും പിടിയില്‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും ജില്ലാ ലീഗ് നേതാവുമായ എ.എ. ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിനും മൂന്നാം പ്രതി ടി.എ. സിറാജുദ്ദീനുമാണ് പിടിയിലായത്.
ഇരുവരെയും ഇന്നലെ രാത്രി കസ്റ്റംസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഇന്ന് ഉച്ചയ്ക്കുശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. സിനിമാ നിര്‍മാതാവായ മറ്റൊരു പ്രതി സിറാജുദ്ദീന് നിലവില്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് തുടങ്ങി. അടിയന്തരമായി ഹാജരാകണമെന്ന് ഇയാളുടെ കൊച്ചിയിലെ വീട്ടിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ശനിയാഴ്ചയാണ് ഷാബിന്റെയും സിറാജുദ്ദീന്റെയും പങ്കാളത്തത്തിലുള്ള തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലെത്തിയ കൊറിയറില്നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒന്നേകാല്‍ കോടി രൂപയോളം വിലവരും.
കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുട്ടിയുടെയും സിറാജുദ്ദീന്റെയും വീടുകളില്‍ ചൊവ്വാഴ്ച കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയര്മാന് ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. മുമ്ബും ഇതേ സ്ഥാപനം ദുബായിയില്‍ നിന്നും യന്ത്രം ഇറക്കുമതി ചെയ്തിട്ടുണ്ടോയെന്ന സംശയം കസ്റ്റംസിനുണ്ട്.