കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാൾ മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശരീരത്തിന്റെ 50 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ് എന്നയാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊള്ളലേറ്റ് നൂറോളം പേർ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 30ഓളം പേര് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.