ആലപ്പുഴ : തിരുവോണനാളില്‍ നടത്താനിരുന്ന നീരേറ്റുപുറം ജലമേള 22 ലേയ്ക്ക് നടത്തും.
ജലമേളയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ചെയര്മാന് റെജി എബ്രഹാം തൈ കടവില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി എന്നിവര്‍ അറിയിച്ചു. ഇന്നലെയോടെ വള്ളങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായി.
22 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആയിരം പേര്‍ക്ക് ഓണസദ്യ. 2 മണിയ്ക്ക് നിശ്ചല ദൃശ്യങ്ങള്‍ അണിനിരന്നുള്ള ജലഘോഷയാത്ര, മല്സരവള്ളങ്ങളെ അണിനിരത്തിയുള്ള മാസ്ട്രില്‍ കാണികള്‍ക്ക് കുളിര്‍മ്മയേകുന്ന രീതിയില്‍ വാട്ടര്‍ സ്റ്റേഡിയത്തില്‍ അഭ്യാസ പ്രകടനങ്ങള്‍ നാടന്‍ കലാകാരന്മാരുടെ കലാവിരുന്നുകള്‍ എന്നിവ നടക്കും. ജലമേള സാംസ്ക്കാരിക വകുപ്പു മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ പി. പ്രസാദ്, വീണാ ജോര്‍ജ്ജ്, റോഷി അഗസ്റ്റിന്, എം.പിമ്മാര്‍, എംഎല്‍എമാര്‍ സിനിമ ആര്‍ട്ടിസ്റ്റുകള്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുന്മാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ-സാംസ്ക്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ഡിജിറ്റല്‍ സംവിധാനത്തോടു കൂടിയ ട്രാക്കും സ്റ്റാര്‍ട്ടിംഗും ഈ വര്‍ഷത്തെ പ്രത്യേകതയാണ് 9 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗത്തില്‍പ്പെട്ട 40 കളിവള്ളങ്ങള്‍ പങ്കെടുക്കും. ആകര്‍ഷകമായ ബോണസും ക്യാഷ് അവാര്‍ഡുമാണ് ഏര്പെടുത്തീരിക്കുന്നത്. വള്ളംകളി കാണുവാന്‍ എത്തുന്നവര്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇരുന്നു വള്ളംകളി ദര്‍ശിക്കുന്നതിനാവശ്യമായ പാസുകള്‍ നീരേറ്റുപുറം ഓഫിസില്‍ നിന്നും ലഭിക്കും. ഫോണ്‍. 9847939373, 8301808700.