കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ സംഭവത്തില്‍ അപമാനിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും . സെപ്റ്റംബര്‍ നാലിനാണ് പരീക്ഷ. ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരീക്ഷ എഴുതിയ പെണ്‍കുട്ടികള്‍ക്കാണ് വീണ്ടും അവസരം. കൊല്ലം എസ്.എന്‍. സ്കൂളിലാണ് സെപ്റ്റംബര്‍ നാലാം തീയതി ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.20വരെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
വിവാദ നടപടിയില്‍ അന്വേഷണത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കില്ല. നിശ്ചിത സെക്കന്ററില്‍ പരീക്ഷ എഴുതിയ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പരീക്ഷ എഴുതാന്‍ സാധിക്കുക. എന്നാല്‍ പെണ്‍കുട്ടികളില്‍ ആര്‍ക്കെങ്കിലും ഈ പരീക്ഷ എഴുതേണ്ടതില്ലെന്നും മുന്‍ പരീക്ഷയുടെ ഫലം മതി എന്ന് കരുതുകയാണെങ്കില്‍ അവര്‍ക്ക് പരീക്ഷ എഴുതേണ്ടതില്ല. ആവശ്യമുള്ളവര്‍ക്ക് മാത്രം പരീക്ഷ എഴുതിയാല്‍ മതി എന്ന നിര്‍ദ്ദേശമാണുള്ളത്.