കോട്ടയം ജില്ലാ പോലീസ് ആവിഷ്കരിച്ച ‘നീതി നിയമ പഠനത്തിലൂടെ’ എന്ന പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് പ്രിൻസിപ്പൽ ജില്ലാ &സെഷൻസ് ജഡ്ജി എൻ.ഹരികുമാർ നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അധ്യക്ഷത വഹിച്ചു . കേരള ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് നടത്തുന്ന ഒരു വർഷക്കാലത്തോളം നീണ്ടുനിൽക്കുന്ന നിയമ പഠന പദ്ധതിയാണ് ഇത്. സാമൂഹ്യരംഗത്തും, സാമ്പത്തികരംഗത്തും ,രാഷ്ട്രീയരംഗത്തും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇതനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും മാറുന്നുണ്ട് . നിയമങ്ങൾ നടപ്പിലാക്കുന്ന നിയമപാലകരും ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടായിരിക്കണം മുന്നോട്ട് പോകേണ്ടത് . പുതിയതായിവരുന്ന നിയമങ്ങളും ചട്ടങ്ങളും എങ്ങനെയാണ് നടപ്പിലാക്കേണ്ടത് , അന്വേഷണത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവന്ന് എങ്ങനെ മെച്ചപ്പെട്ട രീതിയിൽ അന്വേഷണം നടത്തി കോടതിയിൽ സമർപ്പിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പഠനം ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണ് എന്നും ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.