നെന്മാറ ഇരട്ട കൊലപാതകം: നെന്മാറ എസ്എച്ച്ഒയെ സസ്പെൻ്റ് ചെയ്തു; നടപടി ഗുരുതര വീഴ്‌ചയെന്ന എസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തിൽ വീഴ്ച സംഭവിച്ചെന്ന എസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് വലിയ പിഴവെന്ന് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതായി കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾ പറഞ്ഞു.

Advertisements

ജാമ്യവ്യവസ്ഥ പ്രകാരം പ്രതിക്ക് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇത് ലംഘിച്ചാണ് പ്രതി ഒരു മാസത്തോളം ഇവിടെ താമസിച്ചത്. എന്നിട്ടും പൊലീസ് അക്കാര്യം അറിഞ്ഞില്ല. ചെന്താമരയുടെ ജാമ്യ ഉത്തരവിൻ്റെ പകർപ്പ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് എസ്എച്ച്ഒ വിശദീകരണം നൽകിയത്. ഇത് തള്ളിയ എസ്‌പി ജാമ്യ ഉത്തരവ് പ്രകാരം നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പോലും പ്രതിക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും അതിനാൽ വിശദീകരണം മുഖ വിലക്കെടുക്കില്ലെന്നും വ്യക്തമാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്തരമേഖലാ ഐജിക്ക് എസ്‌പി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എസ്എച്ച്ഒയെ സസ്പെൻ്റ് ചെയ്തത്. കൊല്ലപ്പെട്ട സുധാകരനും മകളും പ്രതിക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ. 

പൊലീസിൽ തീർത്തും വിശ്വാസം നഷ്ടപ്പെട്ടതായി സുധാകരൻ്റെ മക്കൾ പ്രതികരിച്ചു. പ്രതിയുടെ കത്തിമുനയിൽ കഴിയുമ്പോഴും പൊലീസ് നടപടി സ്വീകരിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് കുടുംബം. നാട്ടുകാർ മാത്രമല്ല പ്രതിയുടെ വീട്ടുകാരും ഭയന്നാണ് കഴിഞ്ഞിരുന്നത്.  കുടുംബ വീട്ടിൽ അമ്മയെ കാണാൻ പ്രതി വരുമ്പോൾ പോലും ആക്രമിക്കപ്പെടുമെന്ന ഭീതിയിലായിരുന്നു മറ്റ് കുടുംബാംഗങ്ങൾ.

Hot Topics

Related Articles