കാഠ്മണ്ഡു: സുശീല കാർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേപ്പാളിന്റെ ആദ്യ വനിത പ്രധാനമന്ത്രിയാണ് സുശീല കാർക്കി.നേപ്പാള്‍ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസാണ്. രാജ്യത്ത് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യവനിത കൂടിയാണ് സുശീല കാർക്കി. നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗദല്‍, സൈനിക മേധാവി അശോക് രാജ് സെഗ്ദെല്‍, ജെൻ സീ പ്രക്ഷോഭത്തിന്റെ പ്രതിനിധികള്‍ എന്നിവർ ചേർന്നാണ് സുശീല കാർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.
അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയാണ് നേപ്പാളില്‍ പ്രക്ഷോഭം ആരംഭിച്ചത്. യുവാക്കള്‍ നടത്തിയ പ്രക്ഷേഭത്തിനൊടുവില്‍ നേപ്പാള്‍ സർക്കാർ അധികാരത്തില്‍ നിന്ന് പുറത്തായിരുന്നു. സംഘർഷത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. സുശീല കാർക്കിക്ക് പുറമെ എൻജിനീയർ കുല്‍മൻ ഘുല്‍സിങ്, കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ എന്നിവരുടെ പേരും ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. എന്നാല്‍ ബാലേന്ദ്ര ഷാ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുശീല കാർക്കിയെ പിന്നീട് പിന്തുണച്ചിരുന്നു.