എൻറെ പ്രഥമ പരിഗണന സമാധാനത്തിന് : ജെൻസി പാർട്ടി രൂപീകരിച്ചേക്കും: നേപ്പാളിലെ വിവാദങ്ങളിൽ പ്രതികരണവുമായി ഇടക്കാല നേതാവ്

കാഠ്മണ്ഡു: രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് നേപ്പാളിലെ ഇടക്കാല നേതാവായി നിർദ്ദേശിക്കപ്പെട്ട മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി. ജെൻ സീ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നും ഒരു വർഷത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും അവർ കൂട്ടിച്ചേർത്തു. നേപ്പാളിലെ യുവജന സംഘടനകളുടെ ചർച്ചകളില്‍, രാജ്യത്തിന്റെ ഇടക്കാല നേതാവാകാൻ സുശീല കർക്കിയാണ് മുൻപന്തിയിലുള്ളത്.

Advertisements

എന്നാല്‍, ഇതുവരെയും വിഷയത്തില്‍ അന്തിമതീരുമാനം വന്നിട്ടില്ല. കാഠ്മണ്ഡു മേയർ ബലേൻ ഷാ ഉള്‍പ്പെടെയുള്ള ചിലരുടെ പേരുകളും തല്‍സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, പദവി ഏറ്റെടുക്കാൻ തയ്യാറാണെന്നും നേപ്പാളിലെ ഇടക്കാല നേതാവെന്ന നിലയില്‍ രാജ്യത്ത് സമാധാനം കൊണ്ടുവരികയും ഒരു വർഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക എന്നതിനായിരിക്കും തന്റെ മുൻഗണനയെന്നും സുശീല കർക്കി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താൻ തികച്ചും ഒരു ഇടക്കാല സർക്കാരിനെയാകും നയിക്കുകയെന്നും തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ക്ക് എത്രയും പെട്ടെന്ന് അധികാരം കൈമാറുമെന്നും സുശീല കർക്കി പറഞ്ഞു. ‘പുതിയ തിരഞ്ഞെടുപ്പിന് സമയമെടുക്കും – കുറഞ്ഞത് ആറുമാസം മുതല്‍ ഒരു വർഷം വരെ. ഞാനൊരു രാഷ്ട്രീയക്കാരിയല്ല, ഒരു ന്യായാധിപ മാത്രമാണ്. അതിനാല്‍ നീതിയുക്തമായ ഒരു തിരഞ്ഞെടുപ്പാണ് ഞാൻ ആഗ്രഹിക്കുന്നത്. പുതിയ സർക്കാർ രൂപീകരിക്കുമ്ബോള്‍ എത്രയും പെട്ടെന്ന് ഉത്തരവാദിത്തം കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു.’ അവർ പറഞ്ഞു.

2008-ല്‍ രാജവാഴ്ച നിർത്തലാക്കിയതിന് ശേഷം രാജ്യത്ത് സ്ഥിരത കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട നേപ്പാളിലെ നേതാക്കളോടുള്ള ജനങ്ങളുടെ തിരസ്കാരം പ്രതിഫലിപ്പിച്ചുകൊണ്ട്, രാജ്യത്ത് ഒരു പുതിയ സംവിധാനം സ്ഥാപിക്കാൻ താൻ ശ്രമിക്കുമെന്ന് കർക്കി പറഞ്ഞു. ‘ജെൻ സീ’ പ്രതിഷേധത്തില്‍നിന്ന് ഒരു പുതിയ രാഷ്ട്രീയ പാർട്ടി ഉയർന്നുവന്നേക്കാമെന്നും അവർ പറഞ്ഞു. എങ്കിലും, നിലവിലുള്ള ഒരു പാർട്ടിയേയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് തടയാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘നേപ്പാളിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. രാജ്യത്ത് സമാധാനം കൊണ്ടുവരണം. തകർന്ന കെട്ടിടങ്ങള്‍ പുനഃസ്ഥാപിക്കണം. എനിക്ക് ഈ ഉത്തരവാദിത്തം തനിച്ച്‌ നിറവേറ്റാൻ കഴിയില്ല. ഇത് കൂട്ടായി ചെയ്യേണ്ട പ്രവർത്തനങ്ങളാണ്.’ നേപ്പാളിലെ ഭക്ഷ്യക്ഷാമത്തെക്കുറിച്ചും കർക്കി എടുത്തുപറഞ്ഞു. നേപ്പാളിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച്‌, കാഠ്മണ്ഡുവില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും കാര്യങ്ങള്‍ ഇന്ന് മെച്ചപ്പെട്ടിട്ടുണ്ടെന്നും കർക്കി പറഞ്ഞു. സൈന്യം സ്ഥിതിഗതികള്‍ നന്നായി നിയന്ത്രിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Hot Topics

Related Articles