ബിസിനസ് ഡെസ്ക്: ഇനി എല്ലാ ഐഫോണുകളിലും ഐപാഡുകളിലും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിന്‍റെ സേവനം ലഭിക്കില്ല. പഴയ ചില ഐഫോണുകളിലും ഐപാഡുകളിലും സേവനം നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് എന്ന് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഒഎസ് 17, ഐപാഡ് ഒഎസ് 17 ഒഎസ് അപ്‌ഡേറ്റുകൾ ലഭിക്കുന്ന ഐഫോണുകളിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് ഇനി മുതൽ നെറ്റ്ഫ്ലിക്‌സ് സേവനങ്ങൾ ലഭിക്കുക.
ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ 10, ഐപാഡ് പ്രോ (ഒന്നാം തലമുറ), ഐപാഡ് (അഞ്ചാം തലമുറ) എന്നിവയെയാകും ഈ മാറ്റം ബാധിക്കുക. ഈ ഉപകരണങ്ങളിൽ ഐഒഎസ് 16, ഐപാഡ് ഒഎസ് 16 എന്നിവയ്ക്ക് മുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവില്ലെന്നതും ശ്രദ്ധേയം. കൂടാതെ ഈ ഉപകരണങ്ങളിലെ നെറ്റ്ഫ്ലിക്‌സ് ആപ്പിൽ അപ്‌ഡേറ്റുകളും, പുതിയ ഫീച്ചറുകളും, ബഗ് ഫിക്‌സുകളും ലഭിക്കില്ല. നിലവിലുള്ള ആപ്പ് തുടർന്നും ഈ ഉപകരണങ്ങളിൽ പ്രവർത്തിക്കും. വെബ് ബ്രൗസറിലൂടെയും ഈ ഉപകരണങ്ങളിൽ നെറ്റ്ഫ്ലിക്സിന്‍റെ സേവനം ആസ്വദിക്കാനാവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ സോഫ്റ്റ്‌വെയറുകളിലേക്ക് പ്രവർത്തനം മാറ്റുന്നതിന്‍റെ ഭാഗമായി ആപ്ലിക്കേഷൻ ഡെവലപ്പർമാർ സ്വീകരിക്കാറുള്ള നടപടിയാണിത്. ആപ്പ് ഉപയോഗത്തിലൂടെയുള്ള അനുഭവം മെച്ചപ്പെടുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം. നെറ്റ്ഫ്ലിക്സ് ആപ്പിന്‍റെ കോഡിലൂടെ ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി മാക്ക് റൂമേഴ്‌സാണ് നെറ്റ്ഫ്ലിക്സിന്‍റെ ഈ നീക്കം ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗികമായി കമ്പനി ഇതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. ഉടൻ തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. ഇനി മുതൽ ആപ്പിലെ അപ്‌ഡേറ്റുകൾ ലഭിക്കണമെങ്കിൽ ഐഒഎസ് 17 ൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്കെങ്കിലും ഉപഭോക്താക്കൾ മാറേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.