റിയാദ്: സൗദി അറേബ്യക്കുള്ളിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി അറബ് രാഷ്ട്രങ്ങൾ. പ്രകോപനപരവും തള്ളിക്കളയേണ്ടതുമാണ് പ്രസ്താവനയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ തള്ളിക്കളയുന്നുവെന്നും യുഎഇ വ്യക്തമാക്കി.
എത്ര കാലമെടുത്താലും ഒരാൾക്കും പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനാവില്ലെന്നാണ് സൗദിയുടെ പ്രതികരണം. പലസ്തീനികൾക്ക് അവരുടെ മണ്ണുമായുള്ള ബന്ധം അത് കൈയേറുന്നവർക്ക് മനസ്സിലാകില്ലെന്നും സൗദി പറഞ്ഞു. ഇത്തരം ചിന്താഗതിക്കാരാണ് സമാധാനത്തിന്റെ വഴി സ്വീകരിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ തടയുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തു വന്ന രാജ്യങ്ങൾക്ക് സൗദി നന്ദി അറിയിച്ചു.