ടെൽഅവീവ്: ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിൻ്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച തുടങ്ങി.
ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവെച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിൻ്റെ നടപടി. അതേസമയം, ഹമാസിന്റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ചയ്ക്കകം തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതോടെ ഗാസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ ആയി.
ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം. മൂന്നാഴ്ചയായി ഇസ്രയേൽ നിരന്തരം കരാർ ലംഘനം നടത്തുന്നുവെന്നും ഹമാസ് പറയുന്നു. അതിനിടെ ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പ്രതികരണവുമായി പ്രസിഡന്റ് ഡോണള്ഡ് ട്രംപ് രംഗത്തെത്തി. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി.
അറബ് രാജ്യങ്ങളിൽ മികച്ച താമസ സൗകര്യമൊരുക്കിയാൽ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരില്ലെന്ന് ട്രംപ് പറഞ്ഞു. അതേസമയം, പലസ്തീനിലെ ഭൂമി വിൽപ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിന്റെ മറുപടി. ട്രംപിന്റെ പ്രഖ്യാപനത്തെ ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പിന്തുണച്ചു രംഗത്തുവന്നു.