രാത്രിയിൽ കുഞ്ഞ് കരയുന്നത് ബാധ മൂലമെന്ന് സംശയം; ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീയ്ക്ക് മുകളിൽ തല കീഴായി കെട്ടിയിട്ടു ദുർമന്ത്രവാദി; കുഞ്ഞിന്റെ കാഴ്ച നഷ്ടമായി

ശിവപുരി: ആറുമാസം പ്രായമുള്ള ആൺകുട്ടിക്ക് പ്രേതബാധയെന്ന് സംശയം. ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിയിട്ട് ദുർമന്ത്രവാദി. പിഞ്ചുകുഞ്ഞിന് ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടമായതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ദാരുണ സംഭവം. ശനിയാഴ്ച അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കാഴ്ച വീണ്ടെടുക്കാനാവുമോയെന്നത് സംശയകരമെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്.

Advertisements

മാർച്ച് 13ന് കോലാരസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പിഞ്ചുകുഞ്ഞിനെതിരായ അതിക്രമം നടന്നത്. രാത്രിയിൽ കുഞ്ഞ് കരയുന്നത് പതിവായതിന് പിന്നാലെയാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ദുർമന്ത്രവാദിയുടെ അടുക്കൽ എത്തിച്ചത്. രഘുവീർ ദാഘട് എന്നയാളാണ് കുഞ്ഞിനെ ബാധയൊഴിപ്പിക്കൽ എന്ന പേരിൽ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിയിട്ടത്. കുട്ടിയെ അന്ധകാരം പിന്തുടരുന്നുവെന്നാണ് ഇയാൾ മാതാപിതാക്കളോട് പറഞ്ഞത്. ഇതിന് പ്രതിവിധിയായാണ് പ്രാകൃതമായ ഒഴിപ്പിക്കൽ ഇയാൾ ചെയ്തത്. മാതാപിതാക്കൾ നോക്കി നിൽക്കുമ്പോഴായിരുന്നു ഇത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വേദനയും പൊള്ളലും സഹിക്കാനാവാതെ കുഞ്ഞ് നിലവിളിച്ചെങ്കിലും ദുഷ്ടശക്തികളുടെ ശല്യം മാറികിട്ടുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ ഇത് കാര്യമാക്കിയില്ല. തുടര്‍ന്ന് കുഞ്ഞിന് പൊള്ളലേറ്റതോടെ മാതാപിതാക്കള്‍ ശിവപുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ദുര്‍മന്ത്രവാദത്തിന്റെ പേരിൽ നടന്ന ക്രൂരത പുറത്തറിയുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാഴ്ച നഷ്ടമായ വിവരം അറിഞ്ഞത്.

കുട്ടി ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിൽമന്ത്രവാദിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുഞ്ഞിന് കാഴ്ച വീണ്ടെടുക്കാനുള്ള സാധ്യതകൾ 72 മണിക്കൂറിന് ശേഷം മാത്രം അറിയാൻ കഴിയൂവെന്നാണ് ശിവപുരി ജില്ലാ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. 

Hot Topics

Related Articles