തിരുവല്ല: മണിമലയാറില്‍ ജലപ്രളയത്തില്‍ സമീപനപാത തകര്‍ന്ന വെണ്ണിക്കുളം കോമളം പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള മണ്ണു പരിശോധനയുടെ ടെന്‍ഡര്‍ നടപടികളുടെ അവസാന തീയതി ഇന്ന്. 1987-ല്‍ നിര്‍മ്മിച്ച കോമളം പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ഉള്ള അകലക്കുറവു കാരണമാണ് മരങ്ങളും മുളകളും , തടികളും മറ്റ് അവശിഷ്ടങ്ങളും വെള്ളപൊക്കത്തില്‍ അടിഞ്ഞു കടുന്നതുമൂലമാണ് ആറ് ഗതി മാറി ഒഴുകി സമീപന പാത ഇല്ലാതായത്. സ്പാനിന്റെ അകല കുറവു മൂലം തടികള്‍ ഇടിക്കുന്നത് പാലം ബലക്ഷയത്തിനു കാരണമാകുന്നു.
വരും കാലങ്ങളിലും ഇത് ആവര്‍ത്തിക്കും എന്നുള്ളതു കൊണ്ടാണ് പുതിയ പാലം എന്ന നിര്‍ദ്ദേശം പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. മൂന്നു മാസത്തിനകം മണ്ണിന്റെ ഉറപ്പ് പരിശോധന അടക്കമുള്ള ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ആണ് ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്നത്. പുതിയ പാലം നിര്‍മ്മിക്കുന്നതു വരെ താല്‍ക്കാലിക പാലം നിര്‍മ്മിച്ചാലെ പ്രദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതങ്ങള്‍ തരണം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. തുരുത്തിക്കാട് ഭാഗത്തുള്ളവര്‍ കിലോമീറ്ററുകള്‍ ചുറ്റികറങ്ങിയാണ് അക്കരെ ഭാഗത്തേക്ക് പോകുന്നത്.