കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ. ജീവനക്കാരെ അകത്തേക്ക് വിടുന്നില്ല. ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികള്‍ അറിയിച്ചു. രാത്രി 12ന് മുമ്പ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിർദേശത്തിന് എതിരെയാണ് പ്രതിഷേധം. ക്യാമ്പസിനകത്ത് ഇന്നലെ അർധരാത്രി തുടങ്ങിയ പ്രതിഷേധ പരിപാടികൾ രാവിലെയും തുടരുകയാണ്.
വിദ്യാർത്ഥികൾ രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് ഡീൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. രാത്രി 11 മണി വരെ മാത്രമായിരിക്കും ക്യാൻന്റീൻ പ്രവർത്തികയെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാൻ്റീൻ നേരത്തെ അടയ്ക്കുന്നത് എന്നാണ് വിശദീകരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യം മോശമാകുന്നത് വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുമെന്ന് എൻഐടി ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഒപ്പം അർദ്ധരാത്രി പുറത്തുപോകുന്നത് വിദ്യാർത്ഥികളുടെ സുരക്ഷയെയും ബാധിക്കും. അതുകൊണ്ടുതന്നെ 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണം എന്നാണ് നിർദേശം. നിയന്ത്രണം ലംഘിക്കുന്നവർക്ക് സസ്പെൻഷൻ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.