ഡല്‍ഹി : ബിഎസ്പി എം പിയെ ബി.ജെ.പി എം പി ലോക്‌സഭയില്‍ അധിക്ഷേപിച്ച് സംസാരിച്ച വിഷയത്തില്‍ ഇടപെട്ടില്ലെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് കൊടിക്കുന്നില്‍ സുരേഷ് എം പി. കൊടിക്കുന്നില്‍ സുരേഷ് ആയിരുന്നു സംഭവസമയം സഭ നിയന്ത്രിച്ചിരുന്നത്. പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തുന്ന സംവിധാനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അത്ര കാര്യക്ഷമം അല്ലായിരുന്നുവെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൊടിക്കുന്നിലിന്റെ വിശദീകരണം.
ബി.എസ്.പി എം പി കുൻവര്‍ ഡാനിഷ് അലിയെ ആണ് ബി.ജെ.പി എം പി രമേഷ് ബിധുരി അധിക്ഷേപിച്ചത്. പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസമായ സെപ്‌തംബര്‍ 21ന് ചന്ദ്രയാൻ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കിടെയാണ് സംഭവം. രൂക്ഷമായ തര്‍ക്കം നടന്നതിനാല്‍ ബിധുരിയുടെ വിദ്വേഷ പ്രസംഗം ഉടനടി കൃത്യമായി മനസിലാക്കാൻ കഴിഞ്ഞില്ലെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ബിധുരി പലപ്പോഴും വിദ്വേഷം പറയുന്നുവെന്നും രമേഷ് ബിധുരി പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ രൂക്ഷമായ തര്‍ക്കങ്ങള്‍ ലോക്‌സഭയില്‍ നടക്കുന്നുണ്ടായിരുന്നുവെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.