തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കുടുംബത്തിന്റെ ആവശ്യം പോലെ തന്നെ കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നല്കി.
ഇത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്സി, എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ എഫ്ഐആറില്‍ ചേര്‍ക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ കൊല്ലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട സാഹചര്യത്തിലായിരുന്നു കേസിലെ ആശങ്ക അറിയിക്കാൻ കുടുംബം മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്. മതിയായ തെളിവുകള്‍ ഉണ്ടായിട്ടും വിചാരണയില്‍ പ്രതി ശിക്ഷിക്കപ്പെടാത്തതില്‍ പ്രോസിക്യൂഷൻ വീഴ്ച ഉണ്ടെന്ന നിലപാടിലാണ് കുടുംബം. പുതിയ പ്രോസിക്യൂട്ടര്‍ വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രിയും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.