കൊച്ചി: സ്ഥാനാരോഹണത്തിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി നിയുക്ത യാക്കോബായ സഭാധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിൽ ഒന്നിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സഭകൾക്കിടയിലെ സമാധാന ശ്രമങ്ങൾക്കാണ് തന്‍റെ ആദ്യ പരിഗണനയെന്ന് പറഞ്ഞു.
യാക്കോബായ, ഓർത്തഡോക്സ് സഭകളുടെ ലയനം പ്രായോഗികമല്ലെന്ന് പറഞ്ഞ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഇരുസഭകളും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു. മലങ്കര സഭയിലെ സമാധാനത്തിനാണ് തന്‍റെ പ്രഥമ പരിഗണന. സഹോദരീ സഭകളാണെന്ന് ഇരുകൂട്ടരും അംഗീകരിക്കണം. സമാധാന ശ്രമങ്ങൾക്ക് യാക്കോബായ സഭ തയാറാണ്. ഓർത്തഡോക്സ് വിഭാഗവുമായി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിക്കാൻ തയ്യാറാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. പളളി പിടിച്ചെടുക്കുന്നത് നിർത്തണം. ഇരുസഭകളുടെയും തലപ്പത്തുനിന്നാണ് ഐക്യ ശ്രമങ്ങൾ തുടങ്ങേണ്ടതെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ പുതിയ കാതോലിക്കയെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യാക്കോബായ സഭയ്ക്കെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. പുതിയ കാതോലിക്കയെ വാഴിക്കാനുളള തീരുമാനം സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്ന നിലപാട് ആവർത്തിക്കുകയാണ് ഓർത്തഡോക്‌സ് സഭ.
സമാന്തര അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനാണ് ശ്രമമെന്ന് ഓർത്തഡോക്‌സ് സഭ വിമർശിക്കുന്നു. അതിന് ഓശാന പാടാനാണ് സർക്കാർ പ്രതിനിധികളും രാഷ്ടീയ പാർട്ടികളുടെ പ്രതിനിധികളും ലബനനിലേക്ക് പോകുന്നത്. മലങ്കര സഭയിൽ സമാന്തര ഭരണത്തിനുളള ശ്രമമാണ് പാത്രയർക്കീസ് നടത്തുന്നത്. മറ്റൊരു സഭയെങ്കിൽ പള്ളിയടക്കമുളള ഭൗതിക സൗകര്യങ്ങൾ യാക്കോബായ വിഭാഗം തിരികെ നൽകണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. രണ്ടും വ്യത്യസ്ത സഭകളാണെന്ന യാക്കോബായ സഭാ നിലപാടിനെതിരെയാണ് ഓർത്തഡോക്സ് സഭയുടെ പ്രതികരണം.