പുതിയ ടെലികോം നിയമം ഇന്ന് മുതല്‍ നിലവില്‍; ഒരാള്‍ക്ക് പരമാവധി 9 സിം കാര്‍ഡുകള്‍ വരെ : നിയമലംഘനം നടത്തുന്നവര്‍ക്ക് ആദ്യ തവണ 50,000 രൂപയും തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക് 2 ലക്ഷം രൂപയും പിഴ

ഡല്‍ഹി: രാജ്യത്ത് പുതിയ ടെലികോം നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിയിരിക്കുകയാണ് ടെലികോം സേവനങ്ങള്‍.ടെലികമ്മ്യൂണിക്കേഷന്‍സ് ആക്‌ട് 2023 പ്രകാരമുള്ള പുതിയ വ്യവസ്ഥകളാണ് ജൂണ്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ തുടങ്ങി നിരവധി മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷയിലും പിഴയിലുമെല്ലാം വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

Advertisements

പുതിയ നിയമം പ്രകാരം ഒരാള്‍ക്ക് നിയമപരമായി കൈവശം വയ്ക്കാന്‍ കഴിയുന്ന സിം കാര്‍ഡുകളുടെ എണ്ണം ഒന്‍പതായാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ജമ്മു കശ്മീരിലോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലോ താമസിക്കുന്നവര്‍ക്ക് ആറ് സിം കാര്‍ഡുകള്‍ വരെ മാത്രമേ കൈവശം വയ്ക്കാന്‍ സാധിക്കുകയുള്ളു. ഒരാളുടെ തിരിച്ചറിയല്‍ രേഖ നല്‍കി എടുക്കാന്‍ കഴിയുന്ന കണക്ഷനുകളുടെ എണ്ണമാണിത്. ഇത് ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരമാവധി പരിധിക്കപ്പുറം പോകുന്നതായി കണ്ടെത്തിയാല്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് ആദ്യ തവണ 50,000 രൂപയും തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക് 2 ലക്ഷം രൂപയും പിഴയും ലഭിക്കും. കൂടാതെ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ മറ്റുള്ളവരെ കബളിപ്പിച്ച്‌ ആരെങ്കിലും സിം കാര്‍ഡ് നേടിയാല്‍ അവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.

ഉപഭോക്താവിന്റെ അനുമതിയില്ലാതെ ബിസിനസ് മെസേജുകള്‍ അയച്ചാല്‍ മൊബൈല്‍ സേവന കമ്ബനികള്‍ക്കും ശിക്ഷ ലഭിക്കും. ഇതുപ്രകാരം രണ്ട് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ സേവനം വിലക്കുന്നത് വരെ പരിഗണിക്കും.

മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നതാണ് നിയമത്തിലെ മറ്റൊരു പ്രധാന മാറ്റം. സ്വകാര്യഭൂമിയിലാണെങ്കിലും ടവര്‍ സ്ഥാപിക്കുന്നതിനോ ടെലികോം ലൈന്‍ വലിക്കുന്നതിനോ ഉടമയുടെ അനുമതി ആവശ്യമില്ല.സര്‍ക്കാര്‍ തലത്തിലുളള അനുമതി മാത്രം മതി. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടാകുന്ന സാഹചര്യത്തില്‍ വ്യക്തികളുടെ കോള്‍, സന്ദേശങ്ങള്‍ എന്നിവ സര്‍ക്കാരിന് നിരീക്ഷിക്കാന്‍ കഴിയും. സേവനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കാനുള്ള അനുമതിയും നിയമം കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുണ്ട്. 

എന്നാല്‍ വാര്‍ത്താ ആവശ്യങ്ങള്‍ക്കായി സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ അയയ്ക്കുന്ന സന്ദേശങ്ങളെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പത്രപ്രവര്‍ത്തകരുടെ കോളുകളും സന്ദേശങ്ങളും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് കണ്ടാല്‍ തടയാന്‍ അനുമതിയുണ്ട്.

Hot Topics

Related Articles