ദില്ലി: കാശ്മീർ താഴ്‌വരയിലേക്ക് രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി, ജമ്മു-കശ്മീർ റൂട്ടില്‍ അഞ്ച് എസി സ്ലീപ്പർ ട്രെയിനുകളും വന്ദേ ഭാരത് ചെയർ കാറുകളും പരീക്ഷിക്കാൻ റെയില്‍വേ. യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷയ്ക്കായി, ട്രെയിനുകളില്‍ കയറുന്ന യാത്രക്കാർക്ക് എയർപോർട്ട് മാതൃകയിലുള്ള സുരക്ഷാ പരിശോധന നടത്തും. ജനുവരി 5 ന് ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയില്‍ പാതയുടെ കത്ര-റിയാസി ഭാഗത്തിൻ്റെ അന്തിമ പരിശോധന റെയില്‍വേ സുരക്ഷാ കമ്മീഷണർ നടത്തുന്നത് കണക്കിലെടുത്ത് തയ്യാറെടുപ്പ് ദ്രുതഗതിയിലാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ട്രെയിനിൻ്റെ ഉദ്ഘാടനത്തിനൊപ്പം, കശ്മീരിലെ പൂർത്തിയായ ഇസഡ് മോർ തുരങ്കവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കത്ര-റിയാസി സെക്ഷനില്‍ കാർഗോ ലോഡഡ് ട്രെയിനിൻ്റെ ട്രയല്‍ റണ്‍ വിജയകരമായി നടത്തി. സർവീസ് ആരംഭിക്കുന്നതോടെ കശ്മീരിനും കന്യാകുമാരിക്കും ഇടയിലുള്ള റെയില്‍ ഗതാഗതം പൂർത്തിയാകും. നേരത്തെ ജനുവരി 26ന് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സൂചന. എന്നാല്‍, സ്വാമി വിവേകാനന്ദൻ്റെ ജന്മവാർഷികമായതിനാല്‍ ജനുവരി 12 ന് ഉദ്ഘാടനം ചെയ്തേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കശ്മീരിലേക്കുള്ള ട്രെയിനുകളില്‍ യാത്രക്കാർ കയറുന്ന പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യേക വ്യവസ്ഥകള്‍ ഏർപ്പെടുത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ചരക്കുകള്‍, ലഗേജ്, യാത്രക്കാർ എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും. വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് നടത്തുന്ന പരിശോധനക്ക് സമാനമായിരിക്കും സുരക്ഷാ സംവിധാനം.