തിരുവനന്തപുരം: ദിലീപിനെതിരെയുള്ള ശബ്ദരേഖ പുറത്ത് വിട്ട് ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമര്‍ശമുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം എന്ന നിര്‍ദേശമാണ് ശബ്ദരേഖയിലുള്ളത്.
റഫറന്‍സായി ഷാജി കൈലാസ് ചിത്രം ദി ട്രൂത്തിലെ സീനും ദിലീപും വിവരിച്ചുവെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ചിത്രത്തില്‍ മുഖ്യമന്ത്രിയെ കൊല്ലുന്ന സീനില്‍ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ കൊല്ലപ്പെടുന്നുണ്ട്. ലക്ഷ്യം ഒരാളാണെങ്കിലും മറ്റ് പലരും മരിക്കുമ്പോള്‍ അന്വേഷണം അങ്ങോട്ടും വഴിമാറും എന്നാണ് ബാലചന്ദ്രകുമാര്‍ ദിലീപ് പറഞ്ഞതായി പറയുന്നത്. സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു ഇയാള്‍. കൊലപ്പെടുത്താന്‍ ലക്ഷ്യം വച്ച ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടെ പരാമര്‍ശിക്കുന്ന ശബ്ദരേഖ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ശബ്ദരേഖയുടെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്ദ സംഭാഷണം 2017 നവംബര്‍ 15ന് ഉള്ളതാണെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഒരുവര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുതെന്ന് ദിലീപിനോട് അനുജന് അനൂപ് പറഞ്ഞുവെന്നും ശബ്ദ സംഭാഷണത്തിലുണ്ട്. അനൂപിന്റെ ഓഡിയോയും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. കൂടുതല്‍ ശബ്ദരേഖ തന്റെ പക്കല്‍ ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്നത് വ്യക്തമായ ഗൂഢാലോചനയാണെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.