ന്യൂഡൽഹി: ഉപേക്ഷിക്കപ്പെട്ട പെട്ടിയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സ്ത്രീയെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തിയതിനാൽ ബലാത്സംഗത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു.
മൃതദേഹത്തിന്റെ ഇടുപ്പിൽ പൊള്ളലേറ്റതുപോലുള്ള പാടുകളും ജനനേന്ദ്രിയത്തിൽ മുറിവേറ്റ പാടുകളും ഉണ്ടെന്ന് ഡിസിപി ദീപക് സഹാറൻ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം കണ്ടെത്തിയ ഇഫ്കോ ചൗക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. റോഡരികിലെ കുറ്റിക്കാട്ടിൽ സംശയാസ്പദമായ ഒരു സ്യൂട്ട്കേസ് കണ്ടതിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇതോടെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.