അഹമ്മദാബാദ് : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് ഗാലറി ഒഴിഞ്ഞ് കിടന്നതില്‍ കടുത്ത വിമര്‍ശനവുമായി ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനി. ഇത് കടുത്ത നാണക്കേടായെന്ന് വിശേഷിപ്പിച്ച മേവാനി ടിക്കറ്റ് വിതരണത്തിലെ ബിസിസിഐയുടെ സുതാര്യതയില്ലായ്മയാണ് പ്രകടമായതെന്നും ആരോപിച്ചു. അഹമ്മദാബാദില്‍ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലെ പരാജയം പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാന്യന്മാരുടെ കളിയായിട്ടാണ് ക്രിക്കറ്റിനെ വിശേഷിപ്പിക്കുന്നത്. അത് അങ്ങനെ തുടരട്ടെ, ക്രിക്കറ്റിലെ രാഷ്ട്രീയം പുറത്ത് കളഞ്ഞില്ലെങ്കില്‍ അതിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നും മേവാനി മുന്നറിയിപ്പ് നല്കി. എക്സിലൂടെയായിരുന്നു മേവാനിയുടെ പ്രതികരണം. ടൂര്‍ണമെന്റിന് മുന്നോടിയായി ബുക്ക്മൈഷോയില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ തീര്‍ന്നുവെന്നാണ് കാണിച്ചത്. പിന്നെ എങ്ങനെയാണ് കളി കാണാൻ അത്രയും കുറച്ച് ആളുകള്‍ മാത്രമെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനിതാ സംവരണ ബില്‍ അവതരിപ്പിച്ചതിലുള്ള ബിജെപിയുടെ ആഘോഷത്തിന്റെ ഭാഗമായി 40,000 ടിക്കറ്റുകള്‍ സ്ത്രീകള്‍ക്ക് സൗജന്യമായി വിതരണം ചെയ്തുവെന്നാണ് പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞത്.
ഈ 40000 ടിക്കറ്റുകള്‍ എവിടെ നിന്ന് വന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കായി ബിസിസിഐക്ക് ഇത്തരത്തില്‍ ടിക്കറ്റുകള്‍ അനുവദിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ‘കൗതുകകരമെന്നു പറയട്ടെ, വനിതാ സംവരണ ബില്‍ സെപ്റ്റംബര്‍ അവസാന വാരത്തില്‍ പാസാക്കിയെങ്കിലും സെപ്റ്റംബര്‍ ആദ്യവാരത്തോടെ ടിക്കറ്റ് വില്‍പ്പന അവസാനിച്ചു. പിന്നെ, സ്ത്രീകള്‍ക്ക് ഈ അധിക ടിക്കറ്റുകള്‍ എവിടെ നിന്ന് വന്നു?’ മേവാനി ചോദിച്ചു. ക്രിക്കറ്റ് ആരാധകരെ ഏറെക്കാലമായി ഇരുട്ടില്‍ നിര്‍ത്തുന്ന ഒരു കൂട്ടുകെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നു. ടിക്കറ്റ് വിതരണ പ്രക്രിയയില്‍ ഒരു സുതാര്യതയുമില്ല. ആരാധകരെ നിരാശപ്പെടുത്തുന്ന നടപടികളാണിത്. സൗജന്യ ടിക്കറ്റും സ്നാക്സ് കൂപ്പണുകളും നല്‍കിയിട്ടും മത്സരം കാണാൻ ഈ സ്ത്രീകള്‍ എത്തിയില്ല. ഗാലറി നിറയാൻ ഇന്ത്യ-പാക് മത്സരമാണ് നടക്കുന്നതെന്ന് പറഞ്ഞിട്ട് പോലും സ്ത്രീകള്‍ അങ്ങോട്ടേക്ക് വന്നില്ലെന്നും മേവാനി എക്സില്‍ കുറിച്ചു.