കൊല്ലം: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് ഒന്നാം പ്രതി പദ്മകുമാറിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ ചാത്തന്നൂര്‍ കവിതാരാജില്‍ അനിതകുമാരിയാണെന്ന് പോലീസ്. ഒരുവര്‍ഷം മുൻപു തന്നെ പ്രതികള്‍ ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരുന്നു. അന്ന് ഉപേക്ഷിച്ച പരിപാടി ഒന്നരമാസം മുമ്പ് നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നെന്നും എ.ഡി.ജി.പി. എം.ആര്.അജിത്കുമാര്‍ പറഞ്ഞു.
ആദ്യ ആലോചനയില്‍ പദ്മകുമാറിന്റെ അമ്മ ശക്തമായി എതിര്‍ത്തു. ആറുമാസംമുമ്ബ് അമ്മ മരിച്ചിരുന്നു. പിന്നീടാണ് വീണ്ടും ഇതേ പദ്ധതി തയ്യാറാക്കിയത്. ഒരുവര്ഷംമുമ്ബും രണ്ടുമാസംമുമ്ബും വ്യാജ നമ്പര്‍ പ്ലേറ്റ് സംഘടിപ്പിച്ചിരുന്നു. വാഹനവില്‍പ്പന സൈറ്റില്‍ കണ്ട ഒരു വണ്ടിയുടെ നമ്പറാണ് വ്യാജമായി നിര്‍മിച്ചത്. ആസൂത്രണത്തിന്റെ ഭാഗമായി കാറുമായി പുറത്തിറങ്ങിയ സമയത്തെല്ലാം വഴിയില്‍വെച്ച് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുകയും വീട്ടില്‍ എത്തുന്നതിനു മുൻപ് അഴിച്ചുമാറ്റുകയും ചെയ്തിരുന്നതായി പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനിതകുമാരിയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത്. കുട്ടിയെ കാറിലേക്കു പിടിച്ചുകയറ്റിയതും ഇവരാണെന്നും മറ്റാരും തട്ടിക്കൊണ്ടുപോകലിന് സഹായിച്ചിട്ടില്ലെന്നും ഇയാള്‍ നല്കിയ മൊഴിയിലുണ്ട്. കുട്ടിയെ ഉപേക്ഷിക്കാനെത്തിയ നീല നിറത്തിലെ കാറിന്റെ ദൃശ്യം കേസില്‍ പോലീസിന് സഹായകമായി. പ്രതികള്‍ കുട്ടിയെ ഉപേക്ഷിക്കാൻ കൊല്ലം കെ.എസ്.ആര്.ടി.സി. ഡിപ്പോയ്ക്കു സമീപം എത്തിയത് നീല കാറിലാണ്. കാറിന്റെ നമ്ബര്‍ മാറ്റാതെയാണ് വന്നത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചത് നിര്‍ണായകമായി.
പോലീസിനെ ഉണര്‍ത്തിയത് ഫോണിലെ ശബ്ദം
കൊട്ടാരക്കര: എത്ര സമര്‍ഥനായ കുറ്റവാളി ആയാലും അന്വേഷണ ഉദ്യോഗസ്ഥരെ തന്നിലേക്കെത്തിക്കുന്ന ഒരു തെളിവ് അവശേഷിപ്പിക്കും. കേരളത്തെ മുഴുവൻ മുള്‍മുനയില്‍ നിര്‍ത്തിയ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിലെ മുഖ്യ ആസൂത്രക അനിതയുടെ ശബ്ദമാണ് കേസില്‍ പോലീസിനെ പ്രതികളുടെ അടുത്തെത്തിച്ചത്.
ലോകം ഒന്നടങ്കം ടി.വി.ചാനലുകളില്‍ കുട്ടിയുടെ കുടുംബത്തിന്റെ സങ്കടവും ആശങ്കയും നേരില്‍ കാണുമ്പോഴാണ് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ആ സ്ത്രീശബ്ദമെത്തിയത്. കുഞ്ഞ് സുരക്ഷിതയാണെന്നും മോചനത്തിനായി ആദ്യം അഞ്ചുലക്ഷവും പിന്നീട് പത്തുലക്ഷവും നല്കണമെന്നുള്ള സന്ദേശം കേരളം തത്സമയം കേട്ടു. മോചനദ്രവ്യം ഇത്ര പരസ്യമായി ആവശ്യപ്പെട്ട മറ്റൊരു കേസ് മുൻപുണ്ടായിട്ടില്ല. ഈ സന്ദേശം കേട്ട പ്രദേശവാസിക്കുണ്ടായ സംശയം നിര്‍ണായകമായി. പണം കടംചോദിച്ച് അനിതകുമാരി മറ്റൊരാളെ വിളിച്ചതിന്റെ ശബ്ദരേഖ മുമ്ബ് ഇദ്ദേഹം കേട്ടിരുന്നു. രണ്ടും ഒന്നല്ലേ എന്ന സംശയം പോലീസുമായി പങ്കുവെച്ചിടത്താണ് കേസിലെ പ്രതികള്‍ അനിതകുമാരിയുടെ കുടുംബമാണെന്ന യാഥാര്‍ഥ്യം തെളിഞ്ഞത്. രേഖാചിത്രങ്ങളില്‍ അനിതകുമാരിയുടെയും മകളുടെയും ഭര്‍ത്താവിന്റെയും രൂപങ്ങള്‍ തെളിയുകയും ചെയ്തതോടെ പോലീസ് വലമുറുക്കി. അനിതയുടെ ശബ്ദം തിരിച്ചറിഞ്ഞതാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായതെന്ന് എ.ഡി.ജി.പി.തന്നെ പറയുകയും ചെയ്തു