ഡല്‍ഹി : ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയിരുന്നു.മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയുണ്ടായി. മത്സരത്തിന് ശേഷം പ്രധാനമന്ത്രി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തുകയും താരങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യമാണ് ഇന്ത്യയെ മത്സരത്തില്‍ തോല്‍പ്പിച്ചതെന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുകയുമുണ്ടായി. ദുശ്ശകുനം എന്ന തരത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണെന്ന് മുൻപ് രാഹുല്‍ പറഞ്ഞപ്പോള്‍, ദുശ്ശകുനംപോലെ വരും എന്നായിരുന്നു രാഹുലിനെപ്പറ്റി ബി.ജെ.പി. പറഞ്ഞിരുന്നത്. ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയയായിരുന്നു അന്ന് ആ പരാമര്‍ശം നടത്തിയത്. അതിന് മറുപടിയായാണ് രാഹുലിന്റെ ദുശ്ശകുനം പരാമര്‍ശമെന്നും വിലയിരുത്തപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏതായിരുന്നാലും ദുശ്ശകുനം പരാമര്‍ശത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണിപ്പോള്‍ മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. രാഹുലിന്റെ പരാമര്‍ശം അനാവശ്യമായിരുന്നെന്നാണ് ഗംഭീറിന്റെ നിലപാട്. 2011-ലെ ലോകകപ്പ് സെമിഫൈനലിലെ ഒരു ഉദാഹരണം ഗംഭീര്‍ ഓര്‍മയില്‍നിന്ന് എടുത്തിടുകയും ചെയ്തു.
മൊഹാലിയില്‍ പാകിസ്താനെതിരേ നടന്ന ആ മത്സരം കാണാൻ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എത്തിയിട്ടുണ്ടായിരുന്നു. ആര്‍ക്കെതിരെയും ഉപയോഗിക്കുന്നതിലെ ഏറ്റവും മോശം വാക്കാണ് ദുശ്ശകുനം എന്നത്. പ്രത്യേകിച്ച് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരേ. 2011-ലെ സെമിഫൈനല്‍ കാണാൻ മൻമോഹൻ സിങ്ങുമുണ്ടായിരുന്നു. ആ മത്സരം അന്ന് തോല്‍ക്കുകയും തുടര്‍ന്ന് അദ്ദേഹം ഞങ്ങളെ കാണാൻ വരികയും ചെയ്തിരുന്നെങ്കില്‍, അതിലെന്തായിരിക്കും തെറ്റ്? ഗംഭീര്‍ ചോദിച്ചു.എ.എൻ.ഐ.ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്റെ പരാമർശം.