കോട്ടയം : കോട്ടയത്തിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രം എന്നും കോൺഗ്രസിനൊപ്പം തന്നെയായിരുന്നു. 17 തിരഞ്ഞെടുപ്പിൽ 12 തവണയും വലത്തേയ്ക്ക് തന്നെയാണ് കോട്ടയം ചാഞ്ഞു നിന്നത്. തിരുക്കൊച്ചിയായിരുന്നപ്പോൾ തുടങ്ങിയ വലതുപക്ഷ ബന്ധം കഴിഞ്ഞ തവണ വരെയും ഇടവിട്ടിടവിട്ട് കോട്ടയം തുടർന്നു. ഇടയ്ക്ക് സ്കറിയ തോമസും, കെ.സുരേഷ് കുറുപ്പും, കെ.എം എബ്രഹാമും റൂട്ട് മാറ്റിയെങ്കിലും സ്ഥിരമായി കോട്ടയത്തിന്റെ തിരഞ്ഞെടുപ്പ് തലവര മാറ്റിയെഴുതാനായില്ല.
1957 ലാണ് കോട്ടയത്ത് തിരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നത്. തിരുകൊച്ചിയിലേയ്ക്കാണ് ആദ്യം തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സി.പി മാത്യുവാണ് അന്ന് വിജയിച്ചത്. 1957 ൽ കോട്ടയം പാർലമെന്റ് മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നു. 1957 ലും, 1962 ലും മാത്യും മണിയങ്ങാടനാണ് സ്ഥാനാർത്ഥിയായി കോട്ടയത്ത് വിജയിച്ചത്. ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി കോട്ടയത്ത് വിജയിച്ചത് 1967 ലായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർത്ഥിയായി കെ.എം എബ്രഹാമാണ് അന്ന് വിജയിച്ച് കയറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1971 മുതൽ കേരള കോൺഗ്രസിന്റെ തേരോട്ടത്തിനും കോട്ടയം സാക്ഷിയായി. 1971 ലും, 1977 ലും 1980 ലും സ്കറിയ തോമസാണ് കോട്ടയത്ത് നിന്ന് പാർലമെന്റിലേയ്ക്ക് വണ്ടി കയറിയത്. 1984 ൽ ഇതേ സ്കറിയ തോമസിനെ തോൽപ്പിച്ചാണ് കെ.സുരേഷ് കുറുപ്പ് ആദ്യമായി സിപിഎം ടിക്കറ്റിൽ കോട്ടയത്ത് ചുവപ്പ് കൊടി പാറിച്ചത്. എന്നാൽ, 84 മുതൽ 89 വരെ മാത്രമായിരുന്നു കുറുപ്പിന്റെയും സിപിഎമ്മിന്റെയും തേരോട്ടം. 1989 ൽ കോട്ടയത്ത് നിന്ന് പാർലമെന്റിലേയ്ക്ക് മത്സരിക്കാൻ എത്തിയ രമേശ് ചെന്നിത്തല എന്ന ചെറുപ്പക്കാരൻ വലിയ വടവൃക്ഷമായി പടരുന്ന യാത്രയ്ക്കാണ് തുടക്കം കുറിച്ചത്.
1989 ലെ തിരഞ്ഞെടുപ്പിൽ സിറ്റിംങ് എംപിയായ കെ.സുരേഷ് കുറുപ്പിനെ പരാജയപ്പെടുത്തിയാണ് രമേശ് ചെന്നിത്തല കോട്ടയത്ത് പടയോട്ടം തുടങ്ങിയത്. തുടർന്ന്, 1991 ലും, 1996 ലും ചെന്നിത്തല കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി കോട്ടയത്ത് വിജയിച്ചു. 1998 ൽ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തി കെ.സുരേഷ് കുറുപ്പ് സിപിഎമ്മിനെ വിജയിപ്പിച്ചു, ഒരു വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും സുരേഷ് കുറുപ്പ് തന്നെ വിജയിച്ചു.
2004 ലും സുരേഷ് കുറുപ്പ് തന്നെയാണ് കോട്ടയത്ത് എംപിയായി വിജയിച്ചത്. 2009 ൽ സിറ്റിംങ് എംപിയായിരുന്ന സുരേഷ് കുറുപ്പ് , ജോസ് കെ.മാണിയോടു പരാജയപ്പെട്ടതോടെയാണ് 1998 മുതൽ നീണ്ട എൽഡിഎഫ് തേരോട്ടത്തിന് സമാപനമായത്. 2009 ലും, 2014 കോട്ടയം ജോസ് കെ.മാണിയിലൂടെ യുഡിഎഫിന് ഒപ്പം നിന്നു. 2019 ൽ തോമസ് ചാഴികാടൻ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചെങ്കിലും, പാർട്ടി എൽഡിഎഫ് മുന്നണിയുടെ ഭാഗമായി. ഇതോടെ ചാഴികാടൻ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായാണ് ഇക്കുറി മത്സരിക്കുന്നത്.