തിരുവനന്തപുരം : കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ അപകീര്‍ത്തികരമായ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമെന്ന് രാജ്ഭവൻ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസ് പോസ്റ്ററുകള്‍ സ്ഥാപിച്ചെന്നും രാജ്ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നു. കാമ്പസിനുള്ളില്‍ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഇത് സംഭവിക്കില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകര്‍ന്നതിന്റെ തുടക്കമാണിതെന്ന് ഗവര്‍ണര്‍ കരുതുന്നു.
മുഖ്യമന്ത്രിയുടെ ബോധപൂര്‍വമായ ഇത്തരം നടപടികള്‍ ഭരണഘടന സംവിധാനത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ രാജ്ഭവന് ചൂണ്ടിക്കാട്ടുന്നു. ‘സംഘി ചാൻസലര്‍ വാപ്പസ് ജാവോ’ എന്ന് കറുത്ത തുണിയില്‍ എഴുതിയ ബാനറാണ് എസ്.എഫ്.ഐ കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. തനിക്കെതിരെ എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനര്‍ നീക്കം ചെയ്യാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നേരിട്ട് എത്തിയിരുന്നു. സര്‍വകലാശാല ഗസ്റ്റ്ഹൗസിന് മുമ്ബിലെ ബാനര്‍ നീക്കം ചെയ്യാൻ കര്‍ശന നിര്‍ദേശം നല്കിയ ഗവര്‍ണര്‍ മലപ്പുറം എസ്.പിയോട് ക്ഷുഭിതനായി.