കൊച്ചി : കേരളത്തിൽ നിന്നും മൂന്നുവർഷംകൊണ്ട് പേ വിഷബാധ നിർമാർജനം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത്, മുളന്തുരുത്തി, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെ മുളന്തുരുത്തിയിൽ പ്രവർത്തനമാരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രത്തിന്റെ (എബിസി) ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസിയുമായി സർക്കാർ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ ഏജൻസിയുടെ നേതൃത്വത്തിൽ മൂന്നുവർഷംകൊണ്ട് മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്‌സിൻ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന എബിസി ചട്ടങ്ങൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങൾ ഒഴിവാക്കുന്നതിന് ചട്ടങ്ങളിൽ ആവശ്യമായ മാറ്റം വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. തെരുവുനായയുടെ കടിയേറ്റാൽ വാക്‌സിൻ കൃത്യമായി എടുക്കണം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം മരണം സംഭവിച്ചിരിക്കുന്നത് വാക്‌സിൻ എടുക്കാത്തവരിലാണ്.
സംസ്ഥാനത്ത് കൂടുതൽ എബിസി സെൻ്ററുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 25 കേന്ദ്രങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 15 എണ്ണത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഒരു പഞ്ചായത്തിൽ പത്തിൽ കൂടുതൽ പേർക്ക് നായയുടെ കടിയേറ്റാൽ ആ മേഖലയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കും. ഇതുവരെ 170 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.