തിരുവനന്തപുരം: ഗവർണറെ കൊണ്ട് മാമാ പണി ചെയ്യിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് എംഎം മണി എംഎല്‍എ നിയമസഭയില്‍. സഭയെ എംഎം മണി അവഹേളിച്ചെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.മണിയുടെ പരാമർശം സഭാ രേഖയില്‍ നിന്നും നീക്കണമെന്നും പ്രതിപക്ഷം അവശ്യപ്പെട്ടു.’മാമാ’ എന്ന പ്രയോഗം അത്ര മോശമല്ലെന്നും എങ്കിലും പരാമർശം താൻ പിൻവലിക്കാമെന്നും എംഎം മണി പ്രതികരിച്ചു. ഗവർണർമാരെ ഉപയോഗിച്ച് സകല വൃത്തികേടും ചെയ്തവരാണ് കോണ്‍ഗ്രസെന്നും എംഎല്‍എ ആരോപിച്ചു.
അതേസമയം, കേന്ദ്രത്തിനെതിരായ സമരത്തെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക് പോര് അരങ്ങേറി. കേന്ദ്ര ഏജൻസിയെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റിയെന്നും,ലോകത്തില്‍ ആദ്യമായി കടമെടുക്കാൻ നടത്തുന്ന സമരമെന്നുമായിരുന്നു പ്രതിപക്ഷ വിമർശനം. ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടമെന്നായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിൻ്റെ മറുപടി. സമരത്തില്‍ യുഡിഎഫ് അണിചേരുമെന്ന പ്രതീക്ഷയും ധനമന്ത്രി സഭയില്‍ പങ്കുവച്ചു. രണ്ട് വർഷം കൊണ്ട് 24000 കോടിയോളം അധികമായി പിരിച്ചു. സംസ്ഥാനത്തിന് അർഹമായ പണം വെട്ടി കുറക്കാനാണ് ശ്രമമെന്നും ധനമന്ത്രി പറഞ്ഞു.