ന്യൂസ് ഡെസ്ക് : കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേരാണ് യഥാര്‍ത്ഥത്തില്‍ ഹീറോസ് എന്ന് എഡിജിപി എം ആര് അജിത് കുമാര്‍ പറഞ്ഞു.തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ സഹോദരൻ ജോനാഥനാണ് കേസ് തെളിയിക്കാൻ സഹായിച്ചവരില്‍ ആദ്യത്തെ ഹീറോ.
പിന്നീട് ഹീറോയായത് തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടി തന്നെയാണ്. രേഖാചിത്രം വരച്ച് നല്കിയ ദമ്പതികളാണ് കേസിലെ മൂന്നാമത്തെ ഹീറോസ്. ഇവര്‍ മൂന്നുപേരും നല്കിയ കൃത്യമായ വിവരങ്ങളാണ് കേസ് തെളിയിക്കാൻ പോലീസിനെ സഹായിച്ചത്. കഴിഞ്ഞദിവസമാണ് തമിഴ്നാട് തെങ്കാശിയില്‍ നിന്നും പ്രതികളായ പത്മകുമാര്‍, ഭാര്യ അനിതകുമാരി, ഇവരുടെ മകള്‍ അനുപമ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് രാവിലെയാണ് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീളാൻ കാരണമായത്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ അച്ഛനോടുള്ള വ്യക്തി വൈരാഗ്യം ആണ് തട്ടിക്കൊണ്ടു പോകലിന് കാരണമായതെന്നും പ്രതി പറഞ്ഞിരുന്നു.
എന്നാല്‍ ഇത് കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് ഇവരെവീണ്ടും വിശദമായി ചോദ്യം ചെയ്തു. സാമ്പത്തിക പ്രശ്നങ്ങളാണ് ആറുവയസ്സുകാരിയെ താനും കുടുംബവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകാൻ കാരണമെന്ന് പ്രതികള്‍ സമ്മതിക്കുകയായിരുന്നു.