വായന മരിക്കുന്നില്ല ; പുതുപരിണാമം നടക്കുകയാണ് : എസ് ഹരീഷ്

കോട്ടയം : വായന മരിച്ചുവെന്ന് മുറവിളി കൂട്ടുന്നത് വെറുതെയാണെന്നും കാലത്തിന്റെയും സാങ്കേതികവിദ്യയുടെയും മാറ്റത്തിൽക്കൂടി വായന പുതിയ തലത്തിലൂടെ കടന്നുപോകുന്ന കാലമാണിതെന്നും എഴുത്തുകാരൻ എസ്. ഹരീഷ്. ബസേലിയസ് കോളജ് മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ വായനവാരാചരണവും മലയാളസമാജം പ്രവർത്തനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതികമായ ലൈബ്രറിയേക്കാൾ യൂറോപ്യൻ രാജ്യങ്ങളിലുള്ള ഓൺലൈൻ ലൈബ്രറികളിൽക്കയറി ധാരാളം പുസ്തകങ്ങൾ നമുക്ക് ഇന്ന് വായിക്കാൻ കഴിയും. ഇത്തരം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും വായനയ്ക്ക് ഇനിയും പുതിയ മാർഗങ്ങൾ ഉണ്ടായി വരികതന്നെ ചെയ്യുമെന്നും ഭാഷ നിലനിൽക്കുന്നടത്തോളം കാലം വായനയും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പി. ജ്യോതിമോൾ അധ്യക്ഷത വഹിച്ചു. വകുപ്പ് അധ്യക്ഷൻ ഡോ. തോമസ് കുരുവിള, മലയാളസമാജം വൈസ് പ്രസിഡന്റ് ഡോ. നിബുലാൽ വെട്ടൂർ, സെക്രട്ടറി സി.എച്ച്. ദേവിഭദ്ര എന്നിവർ പ്രസംഗിച്ചു. 2025ലെ പത്മരാജൻ പുരസ്‌കാരം നേടിയ, പൂർവവിദ്യാർത്ഥി കൂടിയായ എസ്. ഹരീഷിനെ യോഗത്തിൽ ആദരിച്ചു. വിദ്യാർത്ഥികൾ പട്ടുനൂൽപ്പുഴു നോവലിന്റെ ആദ്യയധ്യായം വായിച്ചാണ് വായനാവാരത്തിന് തുടക്കം കുറിച്ചത്.

Hot Topics

Related Articles