കോട്ടയം : വിദ്യാർത്ഥികളുടെ ക്യൂരിയോസിറ്റിയെ ഉണർത്തി, വിജ്ഞാനവും വിനോദവും ഇഴചേരുന്ന ബസേലിയസ് കോളജ് കാർണിവൽ ‘ലൂമിനോറ’ മാർച്ച് 4ന്.ശാസ്ത്രസാങ്കേതിക പ്രദർശനവും കലാസന്ധ്യയും ഭക്ഷ്യമേളയും ഉൾപ്പെടുന്ന ‘ലൂമിനോറ- ബസേലിയസ് കാർണിവൽ 2K25’ നാളെയും (മാർച്ച് 4നും) സാഹിത്യോത്സവം മറ്റന്നാളും (5ന്) മായി കോളജ് ക്യാംപസിൽ നടക്കും.നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 4വരെയാണ് ശാസ്ത്രസാങ്കേതിക പ്രദർശനങ്ങൾ. ബുധനാഴ്ച സാഹിത്യോത്സവവുമാണ് നടക്കുന്നത്.നാളെ നടക്കുന്ന പ്രദർശനത്തിൽ ക്യൂരിയോസിറ്റി വിഭാഗത്തിൽ ഐഎസ്ആർഒ, ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി എന്നിവ ഒരുക്കുന്ന സ്റ്റാളുകളും കോളജിലെ ശാസ്ത്ര-സാങ്കേതിക-സാഹിത്യപഠനവിഭാഗങ്ങൾ ഒരുക്കുന്ന വിവിധ സ്റ്റാളുകളും ഉണ്ട്. അതിൽ തത്സമയപരീക്ഷണ-നിരീക്ഷണങ്ങൾ നടത്തുന്ന ശാസ്ത്രസാങ്കേതിക ലാബുക കാണുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഐഎസ്ആർഒയുടെ സ്റ്റാളിൽ ഉപഗ്രഹവിക്ഷേപിണികളായ പിഎസ്എൽവി, ജിഎസ്എൽവി, എൽവിഎം-3, എസ്എസ്എൽവി, ആർഎൽവി എന്നിവയുടെ പ്രദർശനവും ശാസ്ത്രലോകത്ത് ശ്രദ്ധേയമായിത്തീർന്ന ചന്ദ്രയാൻ, മംഗൽയാൻ, ഗഗൻയാൻ എന്നിവയുടെ മാതൃകകളും തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് റോക്കറ്റ് വിക്ഷേപണം കണ്ട് പഠിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വാനനിരീക്ഷണം, റോബോർട്ടിക്‌സ്, വിർച്വൽ റിയാലിറ്റി, ടെക് എക്‌സ്‌പോ, മിനി പ്ലാനിറ്റോറിയം, ഗണിതമത്സരങ്ങൾ, ഡോക്യുമെന്ററി പ്രദർശനം എന്നിവയും ശാസ്ത്രസാങ്കേതികപ്രദർശനത്തിലുണ്ട്. സാഹിത്യോത്സവത്തിന്റെ ഭാഗമായി സാഹിത്യപ്രവർത്തക സഹകരണസംഘം ഒരുക്കുന്ന പുസ്തകോത്സവവും ഉണ്ടായിരിക്കും. പുസ്തകോത്സവത്തിൽ 15 മുതൽ 25 ശതമാനം വരെ ഡിസ്‌കൗണ്ടും ഉണ്ടായിരിക്കും. ശാസ്ത്രസാങ്കേതിക പ്രദർശനത്തിലും കലാസാഹിത്യോത്സവത്തിലുമായി 25ൽ അധികം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.നാളെ വൈകിട്ട് 5 മുതൽ 9 വരെ ആംഫിതീയേറ്ററിൽ നടക്കുന്ന കൾച്ചറൽ നൈറ്റായ ‘തരംഗി’ൽ എം.ജി. സർവകലാശാല എൻഎസ്എസ് യൂണിറ്റ് നയിക്കുന്ന നാടൻപാട്ടും ബസേലിയസ് കോളജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ നൃത്ത-നൃത്യ-നാട്യപരിപാടികളും പ്രശസ്ത വയലിനിസ്റ്റ് ജയദേവൻ നയിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും.
വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്ന വിനോദമേഖലയായ ‘യുഫോറിയ’യിൽ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് രസകരവും നൂതനവുമായ വിവിധ തരത്തിലുള്ള മത്സരങ്ങളാണ്. ട്രഷർഹണ്ട്, ഇ-ഫുട്‌ബോൾ ടൂർണമെന്റ്, സ്‌ക്വിഡ് ഗെയിംസ്, മിനി ബാസ്‌കറ്റ്‌ബോൾ, ഗോസ്റ്റ് ഹൗസ്, റിംഗ് ടോസ്സ് മുതലായവയാണ്.കോളജിലെ ശലഭോദ്യാനത്തിന് സമീപം തയാറാക്കിയിട്ടുള്ള ‘സിസ്‌ലി ഹെവൻ’ എന്ന പേരിൽ നടക്കുന്ന ഭക്ഷ്യമേളയിൽ രുചിയൂറുന്ന വിവിധതരം ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്.ബുധനാഴ്ച (മാർച്ച് 5ന്) രാവിലെ 9.30 മുതൽ നടക്കുന്ന സാഹിത്യോത്സവത്തിൽ കവിയരങ്ങ്, സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയും ഉണ്ടായിരിക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള വിദ്യാർഥികളും അധ്യാപകരും കാർണിവലിൽ പങ്കെടുക്കും. കോളജ് ഓഡിറ്റോറിയം, വിവിധ ക്ലാസ് മുറികൾ, ശാസ്ത്രലാബുകൾ, ഡിജിറ്റൽ തിയേറ്റർ എന്നിവിടങ്ങളിലായിട്ടാണ് സ്റ്റാളുകളും പ്രദർശനങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.ലൂമിനോറയുടെ ഉദ്ഘാടനം നാളെ (മാർച്ച് 4ന്) രാവിലെ 9.30ന് കോളജ് ഗേറ്റിൽ നടക്കും.പ്രദർശനം കാണാൻ എത്തുന്നവരുടെയും സ്ഥാപനങ്ങളുടെയും വാഹനങ്ങൾ കോളജിന് സമീപത്തുള്ള ഏലിയ കത്തീഡ്രൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846600644.പബ്ലിസിറ്റി കൺവീനർ: ഡോ. നിബുലാൽ എം.എൻ. 9847987278.