കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 650 ഗ്രാം കഞ്ചാവും മോഷ്ടിച്ചെടുത്ത 13 മൊബൈൽ ഫോണും ഒരു ലാപ്ടോപ്പും ആയി അസം സ്വദേശി പിടിയിൽ. അസം സ്വദേശിയായ ഗിൽദാർ ഹുസൈനെയാണ് (28) കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്ന് ഉച്ചയോടുകൂടി കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായി കണ്ട പ്രതിയെ ചോദ്യം ചെയ്തതോടെയാണ് മോഷണവും കഞ്ചാവ് കടത്തും തെളിഞ്ഞത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് തിരുവനന്തപുരം സംഘവും കോട്ടയം റെയിൽവേ പൊലീസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് ആസാം സ്വദേശിയായ ഇയാളെ പിടികൂടുന്നത്. റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായി നിന്നയാളെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചപ്പോഴാണ് 13 ഫോണുകൾ കണ്ടെത്തിയത്. ഇതിൽ ഒരു ആപ്പിൾ ഐഫോണും ഉണ്ടായിരുന്നു. ഇത് കൂടാതെ ബാഗിനുള്ളിൽ ലാപ്ടോപ്പും 650 ഗ്രാം കഞ്ചാവും , കഞ്ചാവ് തൂക്കാനുള്ള മെഷീനും കണ്ടെത്തി.
മുമ്പും സമാനമായ രീതിയിൽ തന്നെ ഇയാൾ പല ട്രെയിനുകളിൽ നിന്നും മോഷണം നടത്തിയതായി പോലീസ് പറയുന്നു.ഇയാൾ സ്ഥിരമായി ലഹരിക്ക് അടിമയാണെന്നും ഇഞ്ചക്ഷൻ എടുത്തില്ലെങ്കിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്നും പോലീസ് പറയുന്നു. രാത്രികാലങ്ങളിലാണ് കൂടുതലായി മോഷണങ്ങൾ നടത്തുന്നതെന്നും രാത്രിയിൽ കിടന്നു ഉറങ്ങുന്നവരുടെ മൊബൈലും ലാപ്ടോപ്പുകളും സ്വർണ്ണം എന്നിവ പല റെയിൽവേ സ്റ്റേഷനുകളിൽ നിന്നും അടിച്ചു മാറ്റുന്നത് പതിവാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്കൊപ്പം ഉള്ള സഹായികളെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും അവരെ പിടികൂടാൻ ഉള്ള ശ്രമത്തിലാണ് പോലീസ്. ആർപിഎഫ് ഇന്റലിജൻസ് ക്രൈം ടീമും റെയിൽവേ പോലീസും നിരന്തരമായി നടത്തിയ പരിശോധനയുടെ ഫലമായാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. കോട്ടയം റെയിൽവേ എസ്എച്ച്ഓ റെജി പി ജോസഫ്, ആർപിഎഫ് ഇന്റലിജൻസ് ഇൻസ്പെക്ടർ ജിബിൻ എ ജെ,ഇന്റലിജൻസ് ഇൻസ്പെക്ടർ എസ് ഐ പ്രൈസ് മാത്യു, എഎസ്ഐ ഫിലിപ്പ്, എച്ച് സി വിപിൻ, ജി ആർ പി ഇന്റലിജൻസ് സിപിഒ ശരത്, സിപിഒമാരായ അനൂപ്,സാനു,വിജീഷ്, ഹെഡ് കോൺസ്റ്റബിൾ ജോസ് എസ് വി, കോൺസ്റ്റബിൾ അരുൺ ബാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്