കോട്ടയം : അതിദുര്‍ബല പട്ടികവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ, സര്‍വ്വീസ് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പിലാക്കണമെന്ന് സംവരണ സംരക്ഷണ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഉപസംവരണവും ക്രീമിലെയറും നടപ്പിലാക്കി സംവരണത്തെ ദുര്‍ബലപ്പെടുത്തുവാനുള്ള ഏത് നീക്കത്തെയും രാഷ്ട്രീയമായും സാമുദായികമായും ചെറുത്തു തോല്പിക്കുവാന് കേരളത്തിലെ പട്ടിക വിഭാഗങ്ങള്‍ തയ്യാറാണെന്ന് തെളിയിക്കുന്നതാണ് നവംബര്‍ മൂന്നിന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പതിനായിരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച സാമൂഹ്യ നീതി സംഗമം എന്ന യോഗം വിലയിരുത്തി.കേരളത്തിലെ എല്ലാ സാമുദായിക വിഭാഗങ്ങളുടെയും സാമൂഹ്യ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ജാതി സെന്‍സസ് അടിയന്തിരമായി നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
ഉന്നത വിദ്യാഭ്യാസവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപീകരിച്ച ഉന്നതി പദ്ധതിയിലെ ഉദ്യോഗസ്ഥര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിനുള്ള സാമ്പത്തിക സഹായം നല്‍കാതെ അവരെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും, ഉന്നതിയില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭകര്‍ക്ക് നാളിതുവരെ പദ്ധതികള്‍ അനുവദിക്കാതെ, നീക്കിവെച്ചിരുന്ന ബജറ്റ് വിഹിതം അട്ടിമറിക്കുകയാണ് ഉന്നതി സി.ഇ.ഒ യും ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചെയ്തിട്ടുള്ളതെന്നും യോഗം ആരോപിച്ചു, ഉദ്യോഗസ്ഥ ചേരിപ്പോരില്‍ പട്ടിക വിഭാഗ വിദ്യാര്‍ത്ഥികളുടെയും സംരംഭകരുടെയും ഭാവി നഷ്ടപ്പെടുത്തുന്ന നടപടി സ്വീകരിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. സംവരണം അട്ടിമറിക്കുവാൻ ഉള്ള കോടതി വിധിക്കെതിരെ ദലിത് സംഘടനകളുടെ ഏറ്റവും വലിയ കോര്‍ഡിനേഷനായ സംവരണ സംരക്ഷണ സമിതി സെക്രട്ടറിയേറ്റ് മാർച്ച്, പാർലമെന്റ് മാർച്ച്, യൂത്ത് പാർലമെന്റ്, മേഖലാ സെമിനാറുകൾ അടക്കം വിവിധ സമരപരിപാടികള്‍ക്ക് രൂപം നല്കി. ചെയര്മാന് സണ്ണി എം കപിക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗത്തിൽ രക്ഷാധികാരി കെ.എ.തങ്കപ്പന് യോഗം ഉത്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനറല്‍ കണ്‍വീനര്‍ റ്റി.ആര് ഇന്ദ്രജിത്, ട്രഷറര്‍ കെ.വത്സകുമാരി, വൈസ്ചെയര്‍മാന്‍ രാജീവ് നെല്ലിക്കുന്നേല്‍, കെ.ദേവകുമാര്‍, അഡ്വ.പി.എ പ്രസാദ്, ബിജോയി ഡേവിഡ്, എന്നിവര്‍ സംസാരിച്ചു. ബിജോയ്ഡേവിഡിനെ ചീഫ് കോര്‍ഡിനേറ്ററായും, കെ.ദേവകുമാറിനെ വൈസ് ചെയര്‍മാനായും സംഘടനയിലേക്ക് കടന്നുവന്ന കേരള വേലൻ മഹാജനസഭ സംസ്ഥാന പ്രസിഡണ്ട് ടി ആർ പ്രസാദിനെയും, പരവർ മഹാജന സഭ സംസ്ഥാന സെക്രട്ടറി .റ്റി.എല്‍ രാമചന്ദ്രന്,എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായും തെരെഞ്ഞെടുത്തു.